ദുബായിൽ ഡ്രൈവിങ് ലൈസന്‍സ് നേടണമെങ്കിൽ ഇനി മുതൽ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പരിശീലനം നേടണം. ചെറിയ റോഡപകടങ്ങള്‍ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് പരിശീലനം നൽകുക. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ദുബായ് പൊലീസും റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചർച്ച നടത്തിയെടുത്ത തീരുമാനമാണിത്.
അപകടം ഉണ്ടായാല്‍ വാഹനം റോഡരികിലേക്കു മാറ്റി നിർത്തി, വാഹനത്തിന് കേടുപാടുകള്‍ ഉണ്ടെങ്കിൽ അതിൻ്റെ ചിത്രം ദുബായ് പൊലീസ് ആപ്പില്‍ അപ്ലോഡ് ചെയ്യണം. ആപ്പിലെ സിംപിൾ ആക്സിഡന്‍റ് ഫീച്ചർ വഴി അപകടം റിപ്പോർട്ട് ചെയ്ത ശേഷം റിപ്പോർട്ട് ഇൻഷുറൻസ് കമ്പനിക്ക് അയക്കാൻ ആവശ്യപ്പെടാം. ഇതുവഴി ഡ്രൈവറുടെ സമയം ലാഭിക്കാനും ഗതാഗത കുരുക്ക് ഒഴിവാക്കാനും കഴിയുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഡ്രൈവിംഗ് പഠന കാലയളവിൽ പരിശീലനം നൽകാനാണ് തീരുമാനം.