ഒഡിഷയിലെ ഗോത്രവർഗ നേതാവും ജാർഖണ്ഡ് മുൻ ഗവർണറുമായ ദ്രൗപദി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി തെരഞ്ഞെടുത്തു. ഡൽഹിയിൽ ചേർന്ന ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗത്തിലാണ് ദ്രൗപദി മുർമുവിന്റെ പേര് അംഗീകരിച്ചത്. രാജ്യത്തെ ഗവർണർ പദവിയിലെത്തുന്ന ആദ്യ ആദിവാസി വനിതയാണ് മുർമു.
1958 ജൂണ്‍ 20ന് ഒഡിഷയിലെ ബൈദപ്പോസി ഗ്രാമത്തില്‍ സന്താള്‍ വംശത്തിലാണ് ജനനം. ഇന്ത്യയിലെ ആദ്യ വനിതാ ഗവർണറും ദ്രൗപദിയാണ്. 2000 മുതല്‍ 2004 വരെ ഒഡിഷയില്‍ വാണിജ്യ-ഗതാഗത വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവ കൈകാര്യം ചെയ്തു. പരേതനായ ശ്യാം ചരണ്‍ മുര്‍മുവാണ് ഭർത്താവ്.
2000ൽ ബിജെപി പിന്തുണയോടെ ഒഡിഷയിൽ അധികാരത്തിലെത്തിയ നവീൻ പട്നായിക് മന്ത്രിസഭയിലെ അംഗമായിരുന്നു. പതിമൂന്ന് വർഷം ബിജെപിയുടെ മയൂർഭഞ്ച് ജില്ലാ ഘടകം അധ്യക്ഷയായിരുന്നു. പട്ടികവർഗ മോർച്ച ദേശീയ നിർവാഹകസമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. 2017ലും എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി ദ്രൗപദി മുർമുവിനെ പരിഗണിക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നു.