ശക്തമായ കൊടുങ്കാറ്റായ മിഷോങ് ചുഴലിക്കാറ്റ് ഇന്ന് തീരത്ത് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ആന്ധ്രാപ്രദേശും തമിഴ്‌നാടും അതീവ ജാഗ്രതയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇരു സംസ്ഥാനങ്ങളിലും കനത്ത മഴയും ഇടിമിന്നലുമുണ്ട്. ചെന്നൈയിൽ മഴക്കെടുതിയിൽ അഞ്ച് പേർ മരിച്ചു.
ചെന്നൈയിൽ, കനത്ത വെള്ളപ്പൊക്കമാണ്, വെള്ളത്തിന്റെ കുത്തൊഴുക്കിൽ കാറുകൾ ഒഴുകിപ്പോയി, അതേസമയം ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ചെന്നൈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയിട്ടില്ല
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. വന്ദേ ഭാരത് അടക്കം 6 ട്രെയിനുകൾ കൂടി റദ്ദാക്കി. ചെന്നൈ -കൊല്ലം ട്രെയിനും റദ്ദാക്കിയതിൽ ഉൾപ്പെടുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് ചെന്നൈയിൽ മുന്നറിയിപ്പ്. തീവ്രമഴ മുന്നറിയിപ്പ് വന്നതോടെ ചെന്നൈ, തിരുവള്ളൂർ , കാഞ്ചീപുരം, ചെങ്കൽപ്പേട്ട് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെ ആന്ധയിലെ നെല്ലൂരുവും മച്ചിലപ്പട്ടണത്തിനും ഇടയിൽ മിഷോങ് കര തൊടുമെന്നാണ് പ്രവചനം.
കരയിൽ പ്രവേശിക്കുമ്പോൾ 110 കിലോമീറ്റർ വരെ വേഗം പ്രതീക്ഷിക്കുന്നതിനാൽ കനത്ത ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. 80 വർഷത്തിനിടയിലെ രൂക്ഷമായ മഴക്കെടുത്തിയെന്ന് തമിഴ്നാട് ജലവിഭവ വകുപ്പുമന്ത്രി വ്യക്തമാക്കി. റോഡിൽ നിർത്തിയിട്ട കാറുകൾ ഒഴുകിപ്പോയി. ചെന്നൈ -കൊൽക്കത്ത ദേശീയ പാതയിൽ രണ്ട് കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു.