വിവിധ സംസ്ഥാന സർക്കാരുകൾ സൗജന്യങ്ങൾ നൽകുന്ന കാര്യത്തിൽ മുന്നറിയിപ്പ് നൽകി കേന്ദ്രം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ മൂന്നാമത് ദേശീയ സമ്മേളനത്തിലാണ് മുന്നറിയിപ്പ്.
സൗജന്യം നൽകുന്ന ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. അനിയന്ത്രിതമായ ചെലവും വർധിച്ച കടമെടുപ്പും കാരണം ശ്രീലങ്കയും പാകിസ്ഥാനും സാമ്പത്തിക തകർച്ച നേരിട്ടതായി ധനമന്ത്രാലയം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാമെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ മേഖലയിൽ സൗജന്യങ്ങൾ നൽകാം. എന്നാൽ സൗജന്യമായി വെള്ളവും വൈദ്യുതിയും നൽകിയാൽ ഖജനാവ് കാലിയാകും. മാത്രമല്ല അനാവശ്യ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും ധനമന്ത്രാലയം പറയുന്നു. മൂലധന നിക്ഷേപം കൂട്ടണമെന്നും ബജറ്റിന് പുറത്തുള്ള കടമെടുപ്പ് നിയന്ത്രിക്കണമെന്നും പ്രധാനമന്ത്രി അധ്യക്ഷത വഹിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം സംസ്ഥാനങ്ങളോടാവശ്യപ്പെട്ടു.