ഇന്ത്യയിൽ ലേയർ ഷോട്ട് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമുയർന്നിരുന്നു. ‘റേപ്പ് സംസ്കാരം’ പ്രോത്സാഹിപ്പിച്ചുവെന്ന് ആരോപിച്ച് ഡൽഹി പൊലീസ് ഇപ്പോൾ പെർഫ്യൂം ബ്രാൻഡിനെതിരെ കേസെടുത്തിട്ടുണ്ട്. ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യമാണിതെന്ന വിമർശനം രാജ്യമെമ്പാടും ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.
ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിന്റെ പരാതി ലഭിച്ചതിനെ തുടർന്നാണ് കേസെടുത്തത്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഇടപെടൽ ആവശ്യപ്പെട്ടുള്ള കത്തും സ്വാതി നൽകിയിരുന്നു. അതോടെയാണ് ഈ പരസ്യം ചാനലുകളിൽ നിന്നും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും നീക്കം ചെയ്യാൻ മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഈ ആഴ്ച ആദ്യം തന്നെ പെർഫ്യൂം കമ്പനി ക്ഷമാപണം നടത്തിയിരുന്നു.
നാലു പുരുഷന്മാർ തമ്മിലുള്ള സംസാരമാണ് ആദ്യം. ഇവർക്കിടയിലേക്ക് ഒരു പെൺകുട്ടി നടന്നുവരുമ്പോൾ അശ്ലീലചുവയോടെ പുരുഷന്മാർ സംസാരം തുടരുകയാണ്. തന്നെ കുറിച്ചാണ് ഇവരുടെ സംസാരമെന്ന് കരുതുന്ന പെൺകുട്ടി ഇവരെ രോഷത്തോടെ നോക്കുന്നതും കാണാം. നാലുപേരിൽ ആരാണ് ഷോട്ട് എടുക്കാൻ പോകുന്നതെന്നാണ് ഇവർ തമ്മിലുള്ള തർക്കമെന്ന് ഒടുവിൽ കാണിക്കുന്നുണ്ട്. കൂട്ടബലാത്സംഗ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധമുയർന്നത്.