കഴിഞ്ഞ ദിവസം യുഎഇയിൽ നടന്ന വാഹന നമ്പർ ലേലത്തിൽ ലോക റിക്കോർഡ് നേടിയ പി 7 നമ്പർ വാഹനം ദുബായ് നിരത്തിൽ കണ്ടെത്തി. ടെസ്‌ലയുടെ ഇലക്ട്രിക് വാഹനമായ മോഡൽ എക്സിലാണ് നമ്പർ കണ്ടെത്തിയത്. 55 മില്യൺ ദിർഹം (15 മില്യൺ ഡോളർ) മുടക്കി അജ്ഞാതനായ വ്യക്തിയാണ് കാർ നമ്പർ സ്വന്തമാക്കിയത്.
വാഹന ലേലവും നമ്പറും ശ്രദ്ധയിപ്പെട്ടതോടെ നിരവധി ആളുകൾ നിരത്തിൽ കണ്ടെത്തിയ പി.7 നമ്പർ ടെസ് ലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഇതിനിടെ യുഎഇ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക്ക് ആപ്ലിക്കേഷൻ എന്നിവയുടെ സഹമന്ത്രി ഒമർ സുൽത്താൻ അൽ ഒലാമയും വീഡിയൊ പങ്കുവച്ചു.
അതേസമയം ടെസ്‌ല ഔദ്യോഗികമായി അവതരിപ്പിക്കുന്നതിനായി ട്വിറ്റർ ഉടമ കൂടിയായ ലോക കോടീശ്വരൻ എലോൺ മസ്‌കിൻ്റെ ദുബായ് സന്ദർശനം ഓർക്കുന്നതായും മന്ത്രി കുറിച്ചു. വാഹന നമ്പർ ലേലം ചെയ്തതിൽ നിന്നുളള മുഴുവൻ തുകയും യുഎഇയുടെ വൺ ബില്യൺ മീൽസ് പദ്ധതിയിലേക്കാണ് ഉപയോഗിച്ചതെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ ദുബായ് എമിറേറ്റിൻ്റെ പൊതു ഉടമസ്ഥതയിലുള്ള ടാക്സി ഫ്ലീറ്റിലേക്ക് ടെസ്‌ല വാഹനങ്ങൾ ചേർക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് ആർടിഎ പ്രഖ്യാപനം ഉണ്ടായത്.
2008ൽ അബുദാബിയുടെ ഒന്നാം നമ്പർ പ്ലേറ്റിനായി ഒരു വ്യവസായി 52.2 മില്യൺ ദിർഹം വിനിയോഗിച്ചപ്പോൾ സ്ഥാപിച്ച ഏറ്റവും വിലകൂടിയ പ്ലേറ്റിനുള്ള ലോക റെക്കോർഡാണ് പി7 നമ്പർ പ്ലേറ്റിൻ്റെ വിൽപ്പന തകർത്തത്.എന്നാൽ പി 7 നമ്പർ സ്വന്തമാക്കിയ വ്യക്തി ആരെന്ന വിവരങ്ങൾ ഇപ്പോഴും പുറത്തുവന്നിട്ടില്ല.