ഇന്ത്യയും യുഎഇയും തമ്മിലുളള എണ്ണയിതര വ്യാപാരം 2030ഓടെ ഇരട്ടിയാക്കുമെന്ന് സെപ കൗൺസിൽ ഡയറക്ടർ. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സഹകരണ സാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം എണ്ണയിതര വ്യാപാരത്തിൽ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നും കണക്കുകളെ ഉദ്ധരിച്ച് സെപ കൌൺസിൽ ഡയറക്ടർ അഹ്മദ് അൽജെനൈബി വ്യക്തമാക്കി.
ഇന്ത്യയുമായുളള വാണിജ്യ ഇടപാടുകൾ കൂടുതൽ മെച്ചപ്പെടുത്തുകയാണ് സെപ കൗൺസിൽ ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യൻ വ്യവസായ സമൂഹത്തെ ഉഭയകക്ഷി കരാറിന്റെ നേട്ടങ്ങൾ ബോധ്യപ്പെടുത്തി വരികയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഒരോ ഇന്ത്യൻ നഗരങ്ങളുടേയും പ്രത്യേകതകൾ കണക്കിലെടുത്താണ് നീക്കങ്ങൾ.ഇതിന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടി വൻ വിജയമായിരുന്നു.
മീറ്റിങ്ങിൽ നിരവധി ഇന്ത്യൻവ്യവസായികൾ യുഎഇലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ താത്പര്യമറിയിച്ചിരുന്നു. ലോജിസ്റ്റിക്സ്, ഓട്ടോമോട്ടിവ്, ആരോഗ്യസുരക്ഷ, കാർഷികം തുടങ്ങിയ മേഖലകളിൽ നിന്ന് 20ലധികം പ്രതിനിധികളാണ് ചർച്ചകളിൽ പങ്കെടുത്തത്. വാണിജ്യ വ്യവസായ രംഗത്ത് വൻ വളർച്ച പ്രകടമാക്കിയാണ് ഇന്ത്യ- യുഎഇ സെപ കരാർ രണ്ടാം വാർഷികത്തോട് അടുക്കുന്നത്.