കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ നടക്കുന്നതിനിടെ മലയാളി രക്ഷാപ്രവർത്തകരോട് തിരിച്ചുപോകാൻ ആവശ്യപ്പെട്ട് കർണാടക പൊലീസ്. മലയാളികളോട് പൊലീസ് മോശമായി പെരുമാറിയെന്നും ആരോപണം ഉയരുന്നുണ്ട്.
രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേൽ ഉൾപ്പെടെയുള്ളവരെ പൊലീസ് മർദിച്ചതായും ആരോപണമുണ്ട്. മലയാളികളോട് ഈ സ്ഥലത്തുനിന്ന് പോകാൻ കർണാടക പൊലീസ് ആവശ്യപ്പെടുന്നതായി അർജുൻ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ് പറഞ്ഞു. ദൗത്യത്തിൽ നിന്ന് മാറിനിൽക്കാൻ പൊലീസ് തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നും പൊലീസ് അനാവശ്യമായി ഇടപെടുകയാണെന്നും മനാഫ് കുട്ടിച്ചേർത്തു.
അതേസമയം, മെറ്റൽ ഡിറ്റക്ടർ പരിശോധനയിൽ ലോഹ സാന്നിധ്യത്തിന്റെ സിഗ്നൽ ലഭിച്ചെന്ന് വിവരം ലഭിച്ചതിനാൽ തെരച്ചിൽ ഊർജിതമായി നടക്കുകയാണ്. ലോറിയെന്ന സംശയത്തിൽ മണ്ണ് നീക്കി പരിശോധന നടക്കുന്നു. എട്ട് മീറ്റർ താഴ്ച്ചയിൽ മെറ്റൽ സാന്നിധ്യമെന്നാണ് സൂചന. ഒരിടത്ത് കൂടി സിഗ്നൽ ലഭിച്ചിട്ടുണ്ട്. ലോറിയുടെ ഭാഗമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. 8 മീറ്റർ വരെ പരിശോധന നടത്താനാകുന്ന റഡാർ ഉപയോഗിച്ചുള്ള പരിശോധനയിലാണ് സിഗ്നൽ ലഭിച്ചത്.
സൈന്യത്തിന്റെ റഡാർ സംവിധാനം ഇതുവരെ എത്തിയിട്ടില്ല. ഇന്നലെ റഡാർ സിഗ്നലുകൾ ലഭിച്ചയിടങ്ങളിൽ മണ്ണ് നീക്കി നടത്തിയ പരിശോധനയിൽ ലോറിയുടെ ഭാഗങ്ങൾ കണ്ടെത്താനായില്ല.