ഡൽഹിയിൽ അറസ്റ്റിലായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് സുപ്രിംകോടതിയുടെ ഇടക്കാല ജാമ്യം. 5 ദിവസത്തേക്കാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. ഡൽഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റ് ചെയ്യില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രിംകോടതി സുബൈറിന് ജാമ്യം അനുവദിച്ചത്.
ഡിജിറ്റൽ തെളിവുകളിൽ നശിപ്പിക്കാനോ മാറ്റം വരുത്താനോ ശ്രമിക്കരുതെന്ന നിര്‍ദേശവും ജാമ്യവ്യവസ്ഥയിലുണ്ട്. ഡൽഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിൽ സുബൈര്‍ ജുഡീഷ്യൽ റിമാൻഡിൽ തന്നെ തുടരും. ഈ കേസിൽ കൂടി ജാമ്യം ലഭിച്ചാലേ സുബൈറിന് ജയിൽ മോചനം സാധ്യമാവുകയുള്ളു.
ഹൈന്ദവ സന്യാസിമാരെ വിദ്വേഷം പ്രചരിപ്പിക്കുന്നവർ എന്നാരോപിച്ച് ട്വീറ്റ് ചെയ്തതിനെതിരെ ഉത്തര്‍പ്രദേശിലെ സീതാപുരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിനാലാണ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രണ്ട് കേസുകളാണ് സുബൈറിനെതിരെ നിലവിൽ ഉള്ളത്.