ഒടുവിൽ അത് തന്നെ സംഭവിച്ചു. മേയറുമായുള്ള വാക്ക് തർക്കത്തിന് പിന്നാലെ കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ജോലിയിൽ നിന്നും മാറ്റി നിർത്തി. ഡിടിഒയ്ക്കു മുന്നിൽ ഹാജരായി വിശദീകരണം നൽകാനും യദുവിന് നിർദ്ദേശം നൽകി. മേയർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ഇവിടം വരെ എത്തി നിൽക്കുന്നത്.
എന്നാൽ മേയർക്കെതിരായ ഡ്രൈവറുടെ പരാതിയിൽ ഇതുവരെയും നടപടിയെടുത്തിട്ടില്ല. മേയർ പറയുന്നതുപോലെ ലൈംഗിക ചുവയോടെ ഒരു ആംഗ്യവും കാണിച്ചില്ലെന്ന് കെഎസ്ആർടിസിയിലെ എംപാനൽ ജീവനക്കാരനായ യദു പറയുന്നു. ബസിന് മുന്നിൽ വേഗത കുറച്ച് കാറോടിച്ച് മേയറും സംഘവും തന്നെ ബുദ്ധിമുട്ടിച്ചു. ഇതോടെ എന്താണ് കാണിക്കുന്നത് എന്ന് താൻ ആംഗ്യം കാണിച്ചിരുന്നു. ഇതിൽ പ്രകോപിതരായാണ് മേയറും ഭർത്താവും ബസ് തടഞ്ഞു നിർത്തി ജോലി കളയുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് യദു പറയുന്നു.
എന്നാൽ ഡ്രൈവർ അസഭ്യമായ രീതിയിൽ ലൈംഗിക ചുവയോട് കൂടി ആംഗ്യം കാണിച്ചുവെന്ന് മേയർ ആവർത്തിച്ചു. റെഡ് സിഗ്നലിൽ വെച്ചാണ് ഡ്രൈവറുടെ ബസ് തടഞ്ഞത്. ഡ്രൈവർ ലഹരി പദാർത്ഥം ഉപയോഗിച്ചിരുന്നുവെന്നും മന്ത്രിയെ വിളിച്ച് അപ്പോഴേ കാര്യങ്ങൾ പറഞ്ഞിരുന്നുവെന്നും മേയർ ആര്യാ രാജേന്ദ്രൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. മേയർ മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ
കാറിൽ കെഎസ്ആർടിസി ബസ് തട്ടുമെന്ന നിലയിൽ കടന്നുപോയി, ഇതിന് പിന്നാലെ താനും സഹോദരൻറെ ഭാര്യയും പിറകിലെ ഗ്ലാസിലൂടെ തിരിഞ്ഞുനോക്കിയപ്പോൾ ഡ്രൈവർ ലൈംഗികച്ചുവയുള്ള ആംഗ്യം കാണിക്കുകയായിരുന്നു, ആ സംഭവം നിയമപരമായി നേരിടണമെന്ന് അപ്പോൾ തന്നെ തീരുമാനിച്ചു, ശേഷം ബസ് ഓവർടേക്ക് ചെയ്ത് മറ്റ് വാഹനങ്ങളെയും തട്ടുന്ന രീതിയിൽ മുന്നോട്ട് പോയി, പാളയത്ത് സിഗ്നലിൽ വാഹനങ്ങൾ നിന്നപ്പോൾ തങ്ങൾ കാറ് സൈഡാക്കി ബസ് ഡ്രൈവറുമായി സംസാരിക്കുകയായിരുന്നുവെന്നും ആര്യ രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നേരത്തെയും അലക്ഷ്യമായ ഡ്രൈവിംഗിന് കേസുണ്ടെന്നും ഇദ്ദേഹവുമായി സംസാരിച്ചുകൊണ്ടിരിക്കെ തന്നെ ഇദ്ദേഹം ലഹരിപദാർത്ഥം ഉപയോഗിച്ച് അതിൻറെ കവർ വലിച്ചെറിഞ്ഞുവെന്നും ആര്യ പറഞ്ഞു. പൊതുപ്രവർത്തകർ എന്ന നിലയിൽ അല്ല, പൗരർ എന്ന നിലയിലാണ് പ്രശ്നമുന്നയിക്കുന്നതെന്നും ആര്യ പറയുന്നു.