റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് കൂട്ടിയത്. ഇതിനോടൊപ്പം പാർക്കിങ് അനുബന്ധ സേവനങ്ങൾക്കായുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. ആഭ്യന്തര സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്ട്ര ടെർമിനലുകളിലെ പാർക്കിങ്ങിന് മണിക്കൂറിന് 10 റിയാലാണ് കൂട്ടിയത്. ഒരുദിവസം മുഴുവൻ പാർക്ക് ചെയ്യണമെങ്കിൽ പരമാവധി 130 റിയാലാണ് പുതിയ നിരക്ക്.
അതേസമയം അന്താരാഷ്ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ എന്ന തോതിൽ നൽകിയാൽ മതി. കൂടാതെ ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ് നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ എന്നും അധികൃതർ അറിയിച്ചു. വാരാന്ത്യ ദിവസങ്ങളിലും രാത്രിയിലും പാർക്ക് ചെയ്യുന്നവർക്ക് ഇതാണ് ഏറ്റവും അനുയോജ്യം. കൂടാതെ എല്ലാ പാർക്കിങ് ഏരിയകളും ടെർമിനലുകളോട് വളരെ അടുത്താണുള്ളത്. അഞ്ച് മിനുട്ടിനുള്ളിൽ നടന്നെത്താൻ കഴിയുന്ന ദൂരത്തിലാണ് പാർക്കിങ് ഏരിയകൾ.