വാടക ഗർഭധാരണവും മിഥ്യകളും: യാഥാർത്ഥ്യം ഒന്ന് നോക്കാം…

Date:

Share post:

തെന്നിന്ത്യൻ സൂപ്പർ താരം നയന്‍താരയും വിഘ്നേശ് ശിവനുമാണ് സോഷ്യൽ മീഡിയയിലെ സംസാരവിഷയം. കഴിഞ്ഞ ദിവസം ഇരുവരും പങ്കുവച്ചൊരു തങ്ങള്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം ആരാധകരെ അറിയിച്ചത്. കുഞ്ഞുകാലുകളിൽ ഉമ്മ വയ്ക്കുന്ന ഇരുവരുടെയും ചിത്രങ്ങളും പങ്കുവച്ചിരുന്നു. പിന്നീടങ്ങോട്ട് സ്നേഹം ചൊരിഞ്ഞ ആരാധകരെക്കാൾ മുന്നിൽ സൈബർ ആക്രമണം നടത്തിയവരായിരുന്നു. വിവാഹം കഴിഞ്ഞ് അഞ്ചു മാസം തികയുന്നതിനു മുന്‍പ് കുഞ്ഞുങ്ങള്‍ ഉണ്ടായതിൽ സംശയവും തമാശയുമൊക്കെ കുത്തിനിറച്ചുള്ള അശ്ലീല കമൻ്റുകൾ വേറെയും. വാടക ഗര്‍ഭധാരണം അഥവാ സറഗസി എന്താണെന്ന് ഇന്നും പലർക്കും അറിയില്ലെന്നതാണ് സത്യം.
കൂടാതെ അമ്മയാകാൻ നൊന്ത് പ്രസവിക്കണം, അമ്മയായാലേ സ്ത്രീ പൂർണയാകൂ,പ്രസവിച്ച് മുലയൂട്ടിയാലേ കുഞ്ഞിന് സ്നേഹമുണ്ടാകൂ തുടങ്ങിയ തെറ്റിദ്ധാരണാജനകമായ പഴഞ്ചൻ ഉപദേശങ്ങളും….അമ്മയാകാൻ ഈ കാലത്ത് നൊന്ത് പ്രസവിക്കേണ്ടതില്ല, വേദന അറിയാതെ പ്രസവിക്കാൻ എപ്പിഡ്യൂറൽ മാർഗമുണ്ട്. മറ്റ് പ്രശ്നങ്ങൾ നേരിട്ടാൽ ഡോക്ടർമാർ സിസേറിയൻ ചെയ്യാറുണ്ട്.എന്നുകരുതി ആ കുഞ്ഞുങ്ങളൊന്നും സ്നേഹം കിട്ടാതെ പോയിട്ടില്ല. എല്ലാ അമ്മമാരും കുഞ്ഞിൻ്റെ മുഖം കാണുമ്പോൾ നിർവൃതി അനുഭവിക്കുന്നില്ല. പ്രസവത്തോട് കൂടി വിഷാദം പിടിമുറുക്കുന്ന അവസ്ഥയും ആളുകൾക്ക് അംഗീകരിക്കാനായിട്ടില്ല. പോസ്റ്റ്പാർട്ടം ഡിപ്രഷൻ ഒരു യാഥാർത്ഥ്യം തന്നെയാണ്.

ഇനി ഇപ്പോഴത്തെ ചൂടൻ ചർച്ചയിലേക്ക് വരാം.
എന്താണ് വാടക ഗർഭപാത്രം, ഏതു സാഹചര്യത്തിലാണ് ഈ സംവിധാനം ഉപയോഗപ്പെടുന്നത്, ആർക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുന്നത് എന്നീ കാര്യങ്ങൾ ഒന്ന് നോക്കാം.

നിയമത്തിൻ്റെ പിന്തുണയുള്ള ഒരു കരാറാണ് ഗർഭപാത്രം വാടകയ്ക്കെടുക്കുന്നത്. ഒരു സ്ത്രീ മറ്റൊരു വ്യക്തിക്കോ ദമ്പതികൾക്കോ ​​വേണ്ടി ഗർഭധാരണത്തിനും പ്രസവത്തിനും സമ്മതിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. പ്രസവിച്ച സ്ത്രീയല്ല, ഗർഭധാരണത്തിന് കരാർ നൽകിയ ആളുകളായിരിക്കും ജനനശേഷം കുട്ടിയുടെ മാതാപിതാക്കൾ എന്നതാണ് ഇതിൻ്റെ പ്രത്യേകത.

സറഗസി ഏത് സാഹചര്യത്തിലാണ് പ്രയോജനപ്പെടുക ?

സ്ത്രീകൾക്ക് സ്വന്തമായി കുഞ്ഞിനെ ഗർഭം ധരിക്കാനാവാത്ത സാഹചര്യത്തിലാണ് വാടക ഗർഭധാരണം സ്വീകരിക്കുക. അസ്വാഭാവികമായ ഗർഭപാത്രം അല്ലെങ്കിൽ ഗർഭാശയത്തിന്‍റെ പൂർണ്ണമായ അഭാവം എന്നിവ മൂലം ഗർഭധാരണം സാധ്യമാവാത്തവർക്ക് ഈ രീതി സഹായകമാണ്. പ്രസവസമയത്തെ കനത്ത രക്തസ്രാവം അല്ലെങ്കിൽ ഗർഭപാത്രത്തിനു പരിക്ക്, ഗർഭാശയ/ ഗർഭാശയമുഖ ക്യാൻസർ തുടങ്ങിയ കാരണങ്ങളാൽ ഗർഭാശയം നീക്കം ചെയ്ത സ്ത്രീകൾക്കും അമ്മയാകാൻ ഇത്തരത്തിൽ സാധിക്കും.
ഗുരുതരമായ മറ്റ് രോഗങ്ങളാൽ ( ഹൃദയം/ കരൾ/ വൃക്കസംബന്ധമായ അവസ്ഥകൾ തുടങ്ങിയവ) ഗർഭം ധരിക്കാനുള്ള ആരോഗ്യാവസ്ഥ ഇല്ലാത്ത സ്ത്രീകൾക്കും ഇത് പ്രയോജനകരമാണ്. അവിവാഹിതരായ പുരുഷന്മാർക്കും സ്വവർഗ ദമ്പതികൾക്കും ഒരു കുഞ്ഞ് ജനിക്കാൻ മറ്റു വഴികൾ‌ ഇല്ലെങ്കിൽ വാടക ഗർഭധാരണത്തിന് ചില‌ രാജ്യങ്ങളിൽ അനുവാദമുണ്ട്.

വാടക ഗർഭധാരണം രണ്ടുതരമുണ്ട്. ഭാഗികമോ (traditional) പൂർണമോ(gestational) ആകാം ഗർഭധാരണം.

ഭാഗിക ഗർഭധാരണം

വാടക ഗർഭപാത്രം നൽകുന്ന സ്ത്രീയുടെ തന്നെ അണ്ഡം (കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന‌ സ്ത്രീയുടേതല്ല) , കുട്ടിയെ വളർത്താൻ ആഗ്രഹിക്കുന്ന പുരുഷന്‍റെ, അല്ലെങ്കിൽ ഏതെങ്കിലും ഒരു ‌ദാതാവിന്‍റെ ബീജത്താൽ ബീജസങ്കലനം ചെയ്യുകയാണ് ഈ രീതിയിൽ ചെയ്യുക. ബീജസങ്കലനം ലൈംഗിക ബന്ധത്തിലൂടെയോ (സ്വാഭാവിക ബീജസങ്കലനം) അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിലൂടെയോ ചെയ്യാവുന്നതുമാണ്. കുട്ടിയെ വളർത്തുന്ന ദമ്പതിയിൽ ഒരാളുടെ ഡിഎൻഎ മാത്രമേ കുട്ടിയിൽ ഉണ്ടാകൂവെന്നതാണ് ഇതിൻ്റെ പ്രത്യേകത. ചിലപ്പോഴൊക്കെ, വൈദ്യസഹായം കൂടാതെതന്നെ വ്യക്തികൾ സ്വകാര്യമായി ബീജസങ്കലനം നടത്താറുണ്ട്. ചില നിയമവ്യവസ്ഥകളിൽ, ഡോണറുടെ ബീജമാണ് ഉപയോഗിക്കുന്നതെങ്കിൽ കുട്ടിയെ വളർത്താൻ ഉദ്ദേശിക്കുന്ന മാതാപിതാക്കൾ കുട്ടിയുടെ നിയമപരമായ രക്ഷാകർതൃ അവകാശങ്ങൾക്കായി ദത്തെടുക്കൽ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതായി വരും. വാടക ഗർഭധാരണം നടത്തിനൽകുന്ന ഫെർട്ടിലിറ്റി സെന്‍ററുകൾ പലപ്പോഴും തങ്ങളുടെ കക്ഷികളെ സഹായിക്കാൻ നിയമസഹായം നൽകിവരാറുണ്ട്.

പൂർണ ഗർഭധാരണ രീതി

പൂർണമായ വാടകരീതിയാണ് സാധാരണമായുള്ളത്. ഇത് നിയമപരമായി സങ്കീർണ്ണവുമല്ല. 1986ൽ ആണ് ഇത് ആദ്യമായി‌ സംഭവിച്ചത്. ടെസ്റ്റ് ട്യൂബ് ശിശുവിന് സമാനമായ രീതിയിൽ മാതാപിതാക്കളുടെ ഗാമേറ്റ് കോശങ്ങൾ ചേർത്ത് എംബ്രയോ ഉണ്ടാക്കി ഇത് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്. ഇതിലൂടെ മാതാപിതാക്കളാകുന്നവരുടെ യഥാർത്ഥ ഡിഎൻഎയിൽ കുഞ്ഞുണ്ടാകുന്നു എന്നതാണ് ഈ രീതിയെ‌ കൂടുതൽ സ്വീകാര്യമാക്കുന്നത്. ഇനി അച്ഛനോ അമ്മയ്ക്കോ പ്രത്യുദ്പാദന ശേഷി ഇല്ലെങ്കിൽ ഗാമേറ്റിനെ ഒരു‌ ഡോണറിൽ നിന്നു സ്വീകരിക്കുകയും ചെയ്യാം.

നയൻ താരയ്ക്കും വിഘ്നേഷ് ശിവനുമെതിരെ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

ഇന്ത്യയിൽ വാടക ഗർഭധാരണം നിയമപരമാണോ?

ഒരുകാലത്ത് വാടക ഗർഭപാത്രം തേടി വിദേശരാജ്യക്കാർ വന്നിരുന്നത് ഇന്ത്യയിലേക്കാണ്. അനൗദ്യോഗിക കണക്കുകൾ പ്രകാരം പ്രതിവർഷം ഇന്ത്യയിലെ 3000 ഫെർട്ടിലിറ്റി ക്ലിനിക്കുകളിൽ 40 കോടി ഡോളറിന്‍റെ ഗർഭപാത്ര വിപണനം നടന്നിരുന്നു. 2015-ൽ ഇന്ത്യൻ സർക്കാർ വാടക ഗർഭധാരണ പ്രക്രിയയെ സംബന്ധിച്ച പുതിയ നിയന്ത്രണങ്ങൾ പാസാക്കിയതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റം വന്നത്. ഇന്ത്യൻ വാടക ഗർഭധാരണ നിയമ അനുസരിച്ച് വിദേശികളായ മാതാപിതാക്കൾക്ക് ഇന്ത്യയിൽ വാടക ഗർഭധാരണം നടത്തിയാൽ നിയമവിരുദ്ധമായി മാറി. വിവാഹിതരായി കുറഞ്ഞത് അഞ്ച് വർഷമെങ്കിലും കഴിഞ്ഞ ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് വാടക ഗർഭധാരണത്തിന് അവകാശമുള്ളൂ.
2018 ഡിസംബറിൽ ഇന്ത്യൻ വാടക ഗർഭധാരണ നിയമം പാസാക്കി. ഈ നിയമം, വാണിജ്യ വാടക ഗർഭധാരണം നിയമവിരുദ്ധമാക്കുകയും ഹെറ്ററോസെക്ഷ്വൽ ആയവർക്കും, പ്രത്യുദ്പാദന പ്രശ്നങ്ങൾ നേരിടുന്നവർക്കും, അഞ്ചുവർഷത്തിലേറെ കാലമായി വിവാഹിതരായിരുന്ന ഇന്ത്യൻ ദമ്പതികൾക്കും മാത്രമേ വാടക ഗർഭധാരണം അനുവദിക്കൂ എന്നുള്ള നിബന്ധന കൊണ്ടുവരികയും ചെയ്തു‌. കൂടാതെ ഒരു സ്ത്രീയ്ക്ക് ഒരിക്കൽ മാത്രമേ വാടകയ്ക്കു ഗർഭപാത്രം നൽകാനാവൂ എന്നും നിയമം നിലവിൽവന്നു. കൂടാതെ അവർ ഗർഭപാത്രം ആവശ്യപ്പെടുന്ന ദമ്പതിയുടെ അടുത്ത ബന്ധുവായിരിക്കണമെന്നും, വിവാഹിതയും സ്വന്തമായി ഒരു കുഞ്ഞിന്‍റെ അമ്മയായിരിക്കുകയും വേണമെന്നും നിയമം വന്നു.

അവിവാഹിതരായ മാതാപിതാക്കൾ, സ്വവർഗാനുരാഗികൾ, ലിവ്-ഇൻ ദമ്പതികൾ എന്നിവരെ വാടക ഗർഭധാരണത്തിൽ നിന്ന് നിലവിലെ നിയമം വിലക്കുന്നു. പല വികസിത രാജ്യങ്ങളിലും ഒറ്റയ്ക്ക് ജീവിക്കുന്ന ആളുകൾക്കും സ്വവർഗാനുരാഗികൾക്കും ഗർഭപാത്രം വാടകയ്ക്ക് എടുക്കാനും ആ കുഞ്ഞിനെ വളർത്താനും നിയമപ്രകാരം അനുവാദമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...