സീന സ്പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്സ് എക്സിബിഷന് ഷാർജയിൽ തുടക്കം. ഷാർജ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷനിൽ സംഘടിപ്പിച്ച പ്രദർശനം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 2024 ഏപ്രിൽ 14നാണ് എക്സിബിഷൻ സമാപിക്കുക.
കുവൈത്തിലെ ദാർ അൽ-അഥർ അൽ-ഇസ്ലാമിയ്യയുമായി സഹകരിച്ചാണ് ഷാർജ മ്യൂസിയം അതോറിറ്റി എക്സിബിഷൻ സംഘടിപ്പിക്കുന്നത്. കുവൈത്തിലെ അന്തരിച്ച ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ്, ഷെയ്ഖ് ഹെസ്സ സബാഹ് അൽ സബാഹ് എന്നിവരുടെ ശേഖരത്തിൽ നിന്നുള്ള 84 അപൂർവ പുരാവസ്തുക്കളാണ് സീന സ്പ്ലെൻഡർ ഓഫ് ദി ഇന്ത്യൻ കോർട്ട്സിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
16-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയിൽ രൂപകല്പന ചെയ്ത വിശിഷ്ടമായ ആഭരണങ്ങൾ, ഏറ്റവും വലുതും പഴക്കമുള്ളതുമായ രാജകീയ ലിഖിതങ്ങൾ ഉൾക്കൊള്ളുന്ന രാജകീയ രത്നക്കല്ല്, എഡി 1637-1638 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ഷാജഹാൻ ഉപയോഗിച്ച ജേഡ് പെൻഡന്റ്, 1651 കാലഘട്ടത്തിൽ ഇതേ ചക്രവർത്തി നൽകിയ ആർച്ചറി മോതിരം, 1652 എ.ഡി കാലഘട്ടത്തിലെ രത്നങ്ങളുള്ള കഠാരകൾ, കത്തികൾ, വാളുകൾ, പതക്കങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ആകർഷകമായ പുരാവസ്തുക്കളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.