ഹജ്ജ് കരാറിൽ ഒപ്പിടാൻ സൗദിയിൽ എത്തിയ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിയും വി. മുരളീധരനും മദീനയിൽ സന്ദർശനം നടത്തി. സൗദി ഭരണകൂടത്തിന്റെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും മദീനയിലെത്തിയത്. ലോകത്തിലെ ആദ്യ മസ്ജിദായ ഖുബയും ഉഹ്ദ് പർവതവും സദർശിച്ചു. ഇന്ത്യ – സൗദി ഹജ് കരാറൊപ്പിടുന്നതിനായി കഴിഞ്ഞ ദിവസം ജിദ്ദയിലെത്തിയ മന്ത്രി സ്മൃതി ഇറാനിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംഘവും ഹറമൈൻ ഹൈ സ്പീഡ് ട്രെയിനിലാണ് മദിനയിലെത്തിയത്.
ഇസ്‍ലാമിക പുണ്യനഗരമായ മദീന സന്ദർശിച്ചുവെന്നും മസ്ജിദുന്നബവിയുടെ പുറംകാഴ്ച തന്നെ പ്രൗഢഗംഭീരവും അനുഗ്രഹീതവുമാണെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. ഇസ്‍ലാമിക ചരിത്രവുമായി ഇഴചേർന്ന് കിടക്കുന്ന പുണ്യസ്ഥലങ്ങളിലേക്ക് തങ്ങളെ നയിച്ച സൗദി ഭരണകൂത്തിന്റെ നിലപാട്, ഭാരതത്തിന്റെ സാംസ്കാരിക- ആധ്യാത്മിക സമഭാവനക്കുള്ള അംഗീകാരം കൂടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവരോടൊപ്പം സൗദി അധികൃതരും ഇന്ത്യൻ സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ, കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, ഹജ് കോൺസൽ മുഹമ്മദ് ജലീൽ തുടങ്ങിയവരുമുണ്ടായിരുന്നു.