യുഎഇയിൽ ഈ ആഴ്ച കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ചൊവ്വാഴ്ച വരെ ഭാഗികമായി മേഘാവൃതമായ ആകാശവും ഉച്ചയോടെ മഴ പെയ്യാനുള്ള സാധ്യതയുമുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. തെക്ക് അറബിക്കടലിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഉഷ്ണമേഖലാ കൊടുങ്കാറ്റിന്റെ ആഘാതങ്ങളും അധികൃതർ നിരീക്ഷിക്കുന്നുണ്ട്. ഇത് മേഘാവൃതമായ കാലാവസ്ഥയ്ക്കും മഴയ്ക്കും കാരണമാകും.
കാലാവസ്ഥാ സംബന്ധിച്ച അസ്ഥിരതകൾ നിലനിൽക്കുന്നതിനാൽ താഴ്വരകൾ പോലുള്ള വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുന്നവരും താമസക്കാരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ശനിയാഴ്ച ഉച്ചയോടെ ആലിപ്പഴത്തോടുകൂടിയ കനത്ത മഴ പെയ്തിരുന്നു. ഫുജൈറ, റാസൽഖൈമ, അൽ ഐൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും മഴ പെയ്തിരുന്നു. ഫുജൈറയിലെ വാദി മയദാഖിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു.