വ്യാവസായിക വികസനത്തിലൂന്നിയുളള പ്രവര്‍ത്തനങ്ങൾക്ക് പ്രാമുഖ്യം നല്‍കുമെന്ന് യുഎഇ വ്യവസായ, നൂതന സാങ്കേതിക മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ. ഉചിതമായ സാമ്പത്തിക സംവിധാനം സൃഷ്ടിക്കുകയും ഭാവി വ്യവസായങ്ങളുടെ ആഗോള മൂലധനമെന്ന നിലയിൽ യുഎഇയുടെ നിലവാരം ഉയർത്തുകയും ചെയ്യുന്ന പദ്ധതികൾ നടപ്പാക്കും. പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്ന ഇടപെടലുകൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
വാർഷിക യുഎഇ ഗവൺമെന്റ് മീറ്റിംഗുകളുടെ സെഷനിലാണ് ഡോ അൽ ജാബർ നിലപാട് വ്യക്തമാക്കിയത്. ഊർജ സുരക്ഷ ഉറപ്പാക്കാൻ ഹൈഡ്രോകാർബണുകളിലെ തുടർച്ചയായ നിക്ഷേപം നിർണായകമാണെന്ന് ഡോ അൽ ജാബർ ചൂണ്ടിക്കാട്ടി. “മേക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്സ്” സംരംഭത്തിലൂടെ വ്യവസായ മേഖലയെ വികസിപ്പിക്കുന്നതിനും നടപടിയുണ്ടാകും.
മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ വ്യാവസായിക മേഖലയുടെ സംഭാവന വർദ്ധിപ്പിക്കും. ദേശീയ വ്യവസായം നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം, ധനകാര്യ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം, സാമ്പത്തിക മന്ത്രാലയം, മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം എന്നിവയുൾപ്പെടെ ഫെഡറൽ, പ്രാദേശിക അധികാരികളിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ സെഷനിൽ പങ്കെടുത്തു.