ഭക്ഷണം പാഴാകുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി വിവിധ പദ്ധതികൾ ആരംഭിച്ച് യുഎഇ. ‘നിഅ്മ’ എന്ന പദ്ധതിയിലൂടെ പാഴാകുന്ന ഭക്ഷണത്തിന്റെ അളവ് 2030-ഓടെ പകുതിയായി കുറയ്ക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. യുഎഇ കാലാവസ്ഥ വ്യതിയാന, പരിസ്ഥിതി മന്ത്രി മർയം അൽ മുഹൈരിയാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഭക്ഷണം പാഴാകുന്നത് കുറയ്ക്കുന്നതിനായി രാജ്യത്തെ ഭക്ഷ്യ വ്യവസായ മേഖലയിലെ പ്രമുഖരായ 200 കമ്പനികളുമായും സംഘടനകളുമായും അധികൃതർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഭക്ഷ്യനഷ്ടത്തിലും മാലിന്യ നിർമാർജനത്തിലും മികച്ച സമീപനം സ്വീകരിക്കുകയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതം പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന എല്ലാ മേഖലകളിലും നടപടികൾ ശക്തമാക്കാനാണ് തീരുമാനമെന്നും നാലാമത് ദേശീയ ഭക്ഷ്യസുരക്ഷാ സംവാദത്തിൽ അധികൃതർ വ്യക്തമാക്കി.
വീടുകളിൽ വെച്ച് ഭക്ഷണം പാഴാക്കിയാൽ കനത്ത പിഴ ഈടാക്കുന്നതിനായി പുതിയ നിയമം നടപ്പിലാക്കാൻ ശ്രമിക്കുകയാണെന്ന് നിഅ്മ സെക്രട്ടറി ജനറൽ ഖുലൂദ് ഹസൻ അൽ നുവൈസ് പറഞ്ഞു. പ്രതിവർഷം രാജ്യത്ത് ഏകദേശം 600 കോടി ദിർഹത്തിന്റെ ഭക്ഷ്യവസ്തുക്കൾ പാഴാക്കപ്പെടുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് 2030ഓടെ പകുതിയായി കുറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനായി പൗരന്മാരും പ്രവാസികളും സഹകരിക്കണമെന്നും അൽ നുവൈസ് വ്യക്തമാക്കി.