കുടുംബത്തെ പോറ്റാനാണ് പലരും നാടും വീട് വിട്ട് പ്രവാസ ജീവിതം നയിക്കുന്നത്. പ്രവാസ ജീവിതത്തിലൂടെ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയാണ് പലരും ആഗ്രഹിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പാതിവഴിയിൽ വീണുപോകുന്ന പല ജീവിതങ്ങളുമുണ്ട്.
പ്രവാസ ജീവിതം നയിക്കുന്നതിനിടയിൽ ഏഷ്യക്കാരനായ ഒരാൾ അപകടത്തിൽപ്പെട്ട് അവശനിലയിലായി. തുടർന്ന് കഴിഞ്ഞ മൂന്ന് വർഷമായി യുഎഇയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു, അപകടത്തിന് പിന്നാലെ അദ്ദേഹത്തിന് സ്വന്തമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല,
യുഎഇയിലെ മൂന്ന് വർഷത്തെ ചികിത്സയ്ക്ക് ശേഷം 57 കാരനെ തന്റെ കുടുംബത്തോടൊപ്പം എത്താൻ സഹായിച്ചിരിക്കുകയാണ് അജ്മാൻ പൊലീസ്. അപകടം ഉണ്ടായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനും കുടുംബത്തിൽ നിന്ന് വേണ്ട പരിചരണം ലഭിക്കാനും ഇദ്ദേഹം ആഗ്രഹിച്ചിരുന്നു. നാട്ടിലേക്കുള്ള യാത്ര സുഗമമാക്കാൻ അതോറിറ്റി സഹായിച്ചിട്ടുണ്ടെന്ന് അജ്മാൻ പോലീസ് ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
ഷെയ്ഖ് ഖലീഫ മസ്ഫൂട്ട് ഹോസ്പിറ്റൽ നിന്ന് ദുബായ് എയർപോർട്ട് വരെയും അവിടെ നിന്ന് മാതൃരാജ്യത്തെ വിമാനത്താവളം വരെയും അദ്ദേഹത്തിന് ആവശ്യമായ എല്ലാ സഹായവും ഏകോപിപ്പിച്ചതായി അജ്മാൻ കമ്മ്യൂണിറ്റി പോലീസ് ഡിപ്പാർട്ട്മെൻ്റ് മേധാവി ഫാത്തിമ ഉബൈദ് അൽ ഷംസി പറഞ്ഞു. വൈകല്യം നേരിട്ട ആളായതിനാൽ അദ്ദേഹത്തിന് പ്രത്യേക യാത്രാ സംവിധാനം ആവശ്യമാണെന്നും അജ്മാൻ പോലീസിൽ നിന്നുള്ള ഒരു സംഘം ആ മനുഷ്യനെ വിമാനത്താവളത്തിലേക്ക് അനുഗമിച്ചതായും പൊലീസ് വ്യക്തമാക്കി. നാട്ടിലെത്തി കുടുംബത്തോടൊപ്പം ചേരുന്നതുവരെ ഒരു സ്വകാര്യ സംഘവും അദ്ദേഹത്തെ അനുഗമിച്ചു.