ഡിസംബർ ഒന്നിന് ദുബായിൽ നടക്കുന്ന ലോക കാലാവസ്ഥാ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു. യു എ ഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരം നവംബർ 30 ന് പ്രധാനമന്ത്രി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) എത്തുമെന്നും യുഎൻ കാലാവസ്ഥാ ചർച്ചയിൽ പങ്കെടുക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
രണ്ട് ദിവസമാണ് അദ്ദേഹം യുഎഇയിലുണ്ടാകുക. അന്താരാഷ്ട്ര കാലാവസ്ഥാ സമ്മേളനത്തിന്റെ ഭാഗമായുള്ള പരിപാടിയിൽ പങ്കെടുക്കും. കൂടാതെ ഉന്നതല ചർച്ചകൾക്കും സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി നടക്കുന്ന വേൾഡ് ക്ലൈമറ്റ് ആക്ഷൻ സമ്മിറ്റിൽ നരേന്ദ്ര മോദി പങ്കെടുക്കും. യുഎൻ കാലാവസ്ഥാ സമിതിക്ക് നിലവിൽ അധ്യക്ഷത വഹിക്കുന്നത് യുഎഇയാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ (UNFCCC) കക്ഷികളുടെ 28-ാമത് സമ്മേളനത്തിന്റെ (COP-28) ഉന്നതതല വിഭാഗമാണ് വേൾഡ് ക്ലൈമറ്റ് ആക്ഷൻ ഉച്ചകോടി. COP-28 2023 നവംബർ 28 മുതൽ ഡിസംബർ 12 വരെയാണ് യുഎഇ പ്രസിഡൻസിക്ക് കീഴിൽ നടക്കുന്നത്. നേരത്തെ കാലാവസ്ഥാ ഉച്ചകോടിയിൽ മോദി നടത്തിയ പ്രഖ്യാപനത്തിന്റെ തുടർച്ച യുഎഇയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.