ദുബായ് മാർക്കറ്റിലെ എല്ലാ പെരിയർ ഫ്രഞ്ച് വാട്ടർ ഉൽപന്നങ്ങളും സുരക്ഷിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും നിയന്ത്രണത്തിന് വിധേയമാണെന്നും രാജ്യത്തിന്റെ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.
പെരിയർ ജല ഉൽപന്നങ്ങളെക്കുറിച്ച് ചില വ്യാജ വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുബായ് മുനിസിപ്പാലിറ്റി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയും (ADAFSA) അബുദാബിയിലെ പെരിയർ ജല ഉൽപന്നങ്ങളെക്കുറിച്ചുള്ള വ്യാജ വാർത്തകൾ തള്ളിക്കളഞ്ഞിരുന്നു.
“എമിറേറ്റിലെ ഉപഭോക്താക്കൾക്ക് സുരക്ഷിതമല്ലാത്തതും അനാരോഗ്യകരവുമായ ഉൽപ്പന്നങ്ങൾ വിപണികളിൽ എത്തുന്നത് തടയാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കുന്നതായി ADAFSA ഉറപ്പുനൽകുന്നു”വെന്നും അതോറിറ്റി വ്യക്തമാക്കിയിരുന്നു.