ഒമാനിലേക്കുള്ള മുവാസലാത്ത് യു.എ.ഇ ബസ് സർവിസുകൾ പുനഃരാരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ സർവിസ് ആരംഭിക്കുമെന്ന് സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റർ) കമ്പനി അധികൃതർ അറിയിച്ചു. അൽഐൻ വഴി അബുദാബിയിലേക്കായിരിക്കും ആദ്യം സർവിസ് നടത്തുക. വൺവേ ടിക്കറ്റ് നിരക്ക് 11.5 റിയാൽ ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
യാത്രക്കാർക്ക് 23 കിലോഗ്രാം ലഗേജും ഏഴ് കിലോ ഹാൻഡ് ബാഗേജും കയ്യിൽ കരുതാനുള്ള അനുവാദമുണ്ട്. രാവിലെ 6.30ന് അസൈബ ബസ് സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ബസ് 11മണിയ്ക്ക് ബുറൈമിയിലും ഉച്ചക്ക് ഒരു മണിക്ക് അൽ ഐനിലും ശേഷം 3.40ന് അബുദബി ബസ് സ്റ്റേഷനിലും എത്തിച്ചേരും. അബൂദാബിയിൽ നിന്ന് രാവിലെ 10.40ന് പുറപ്പെടുന്ന ബസ് രാത്രി 8.35ന് മസ്കറ്റിൽ എത്തുന്ന തരത്തിലാണ് ക്രമീകരണം.
കോവിഡിനെ തുടർന്ന് യു.എ.ഇയിലേക്ക് ബസ് സർവിസുകൾ മുവാസലാത്ത് നിർത്തിവെച്ചിരുന്നു. ഇതാണ് ഇപ്പോൾ പുന:രാരംഭിക്കുന്നത്. എന്നാൽ ദുബായിലേക്ക് ഇതുവരെ സർവിസ് ആരംഭിച്ചിട്ടില്ല.