യുഎഇയിലെ പ്രധാന തുറമുഖങ്ങളിലൊന്നായ ജബൽ അലി തുറമുഖത്ത് കഴിഞ്ഞ വർഷമുണ്ടായ വൻ തീപിടിത്തത്തിൽ കുറ്റക്കാരായ അഞ്ച് പേര്‍ക്ക് തടവും പിഴയും ശിക്ഷ. സ്ഫോടനമുണ്ടായ ചരക്ക് കപ്പലിന്‍റെ ക്യാപ്റ്റനായ ഇന്ത്യക്കാരനും നാല് പാക്കിസ്ഥാനി പൗരൻമാരുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇവര്‍ ഒരു മാസം വീതം തടവും ഒരു ലക്ഷം ദിർഹം വീതം പിഴയും അടയ്ക്കണമെന്നാണ് ദുബായ് മിസ്‌ഡിമെയ്‌നർ കോടതിയുടെ വിധി.
സുരക്ഷാ നടപടിക്രമങ്ങൾ അവഗണിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതി വിധി. മറൈൻ, ട്രേഡിംഗ്, കാർഗോ കമ്പനികളുടെ ചുമതലക്കാരാണ് തടവിലായ നാല് പാകിസ്ഥാന്‍ പൗരന്‍മാര്‍. കഴിഞ്ഞ വര്‍ഷം ജൂലൈ ഏഴിനാണ് അപകടമുണ്ടായത്. 247 ലക്ഷം ദിർഹത്തിന്‍റെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നത്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരുക്കേറ്റിരുന്നു.
തീപിടിത്തത്തിന് കാരണമായ ഓര്‍ഗാനിക് പെറോക്സൈഡ് കണ്ടെയ്നറുകൾ കപ്പലിലേക്ക് മാറ്റുമ്പോഴാണ് സ്ഫോടനം നടന്നത്. കാർഗോ ഷിപ്പിംഗ് കമ്പനിയുടെ അശ്രദ്ധയുടെ നേരിട്ടുള്ള ഫലമാണ് ജൈവ സംയുക്തങ്ങൾ വിഘടിപ്പിക്കാൻ അനുവദിച്ചതെന്ന് കോടതി കണ്ടെത്തി. ബാരലുകൾ ചോര്‍ന്നതും ചൂടുകാലാവസ്ഥയില്‍ സൂര്യപ്രകാശം ഏല്‍ക്കും വിധം കണ്ടെയ്നറുകൾ ഏറെ നേരം അശ്രദ്ധമായി സൂക്ഷിച്ചതും തീപിടിത്തത്തിന് കാരണമായതായി കോടതി വിലയിരുത്തി.