ഷാർജ എമിറേറ്റിൽ അനധികൃതമായി നടക്കുന്ന ഭിക്ഷാടനത്തിനെതിരേ പൊലീസ് നടപടികൾ മുന്നോട്ട്. എമിറേറ്റിലെ താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സാമ്പത്തിക തട്ടിപ്പായി കണക്കിലെടുത്താണ് പൊലീസ് നടപടികൾ. റമദാൻ കാലത്തെ ഭിക്ഷാടനത്തിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം ക്യാമ്പൈനും പരിശോധനയും ശക്തമാക്കിയിരുന്നു.
റമദാനിൽ വികാരം മുതലെടുക്കുന്ന ശമ്പളക്കാരായ യാചകർക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിൻ്റെ പുതിയ മുന്നറിയിപ്പ്.ടൂറിസത്തിൻ്റെ മറവിൽ ഭിക്ഷാടനം നടത്താൻ നിരവധി ആളുകൾ രാജ്യത്ത് പ്രവേശിച്ചെന്നാണ് പൊലീസ് നിഗമനം. റമദാൻ മാസം മുതലെടുക്കാൻ ധാരാളം യാചകർ വിസിറ്റ് വിസയിൽ രാജ്യത്തേക്ക് കടന്നതായി പോലീസ് ഓപ്പറേഷൻ ഡിപ്പാർട്ട്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗ് ജനറൽ ഇബ്രാഹിം അൽ അജലാണ് വെളിപ്പെടുത്തിയത്. ഇത്തരക്കാരിൽ ചിലർ പിടിയിലായെന്നും പൊലീസ് അറിയിച്ചു.
ശമ്പളം നൽകി ഭിക്ഷാടകരെ നിയോഗിക്കുന്ന വിഭാഗത്തെ പറ്റിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.‘ഭിക്ഷാടനം ഒരു കുറ്റകൃത്യമാണ് എന്ന സന്ദേശവുമായി പൊലീസ് അതോറിറ്റി വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. സമൂഹസുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ പങ്കാളികളാകണമെന്നും ഷാർജ പോലീസ് പൊതുജനങ്ങളോട് അറിയിച്ചു.
ദുബായിലും പരിശോധന
അതേസമയം ദുബായിൽ നടത്തിയ പരിശോധനയിൽ 25 പേരാണ് റമദാൻ്റെ ആദ്യ ദിനങ്ങളിൽ പിടിയിലായത്.ജനസാന്ദ്ര മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന.വ്യാപാര കേന്ദ്രങ്ങൾ, മസ്ജിദുകളുടെ പരിസരങ്ങൾ എന്നിവ പൊലീസ് നിരീക്ഷണത്തിലാണെന്നും ദുബായ് പൊലീസ് അറിയിച്ചു. പിടിയിലായവരിൽ 13 വനിതകളും ഉൾപ്പെടുന്നുണ്ട്.അനധികൃത ഭിക്ഷാടകർ മോഷണം പോലെയുളള കുറ്റകൃത്യങ്ങളിൽ ഏടപ്പെടുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.