ബലിപ്പെരുന്നാൾ അവധിദിവസങ്ങളിൽ ദുബായ് പൊലീസിൻ്റെ എമർജൻസി നമ്പറായ 999-ലേക്ക് എത്തിയത് 71,370 ഫോൺ കോളുകൾ. 999 എന്ന നമ്പറിലേക്ക് 71,370 കോളുകളും 901 വഴി 6,433 കോളുകളും ഉൾപ്പെടെ 77,000-ത്തിലധികം ഫോൺ കോളുകൾ ഈദ് അൽ അദ്ഹ അവധിക്കാലത്ത് ദുബായ് പോലീസിന് ലഭിച്ചതായി അധികൃതർ അറിയിച്ചു. പത്ത് സെക്കൻ്റുകൾക്കകം കോളുകൾക്ക് മറുപടി നൽകാനായെന്നും അധികൃതർ സൂചിപ്പിച്ചു.
അവധി ദിവസങ്ങളിൽ ഇത്രയധികം ഫോൺ കോളുകൾ ലഭിക്കുന്നത് ദുബായ് പോലീസിന് പുതുമയുള്ള കാര്യമല്ല. കഴിഞ്ഞ വർഷം 10 സെക്കൻഡിനുള്ളിൽ 2.1 ദശലക്ഷത്തിലധികം കോളുകൾക്കാണ് തിരികെ പ്രതികരിച്ചത്. 2022-ൽ 7.4 ദശലക്ഷം കോളുകൾക്കും വളരെ വേഗം മറുപടി എത്തിച്ചിരുന്നു.
അതേസമയം അടിയന്തര സാഹചര്യങ്ങളിൽ മാത്രം 999 എന്ന നമ്പറിലേക്ക് ഡയൽ ചെയ്യാൻ അധികൃതർ അഭ്യർത്ഥിച്ചു. അടിയന്തര സാഹചര്യങ്ങളില്ലാത്ത ഘട്ടത്തിൽ 901 എന്ന നമ്പറിൽ വിളിക്കാനാണ് പൊതുജനങ്ങളോടുളള നിർദ്ദേശം. കൃത്യമായ സഹായമെത്തിക്കുന്നതിന് ജനങ്ങളുടെ ശ്രദ്ധയും അനിവാര്യമാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഓപ്പറേഷൻസ് ഡെപ്യൂട്ടി ഡയറക്ടർ തുർക്കി അബ്ദുൾ റഹ്മാൻ ബിൻ ഫാരിസ് വ്യക്തമാക്കി.
ഔദ്യോഗിക അവധി ദിവസങ്ങളിലും ദേശീയ, മതപരമായ അവസരങ്ങളിലും പരമാവധി സേവനം എത്തിക്കാൻ പൊലീസ് വിഭാഗം തയ്യാറെടുപ്പുകൾ നടത്താറുണ്ട്. തുറന്ന മാർക്കറ്റുകൾ, പൊതു പാർക്കുകൾ, തൊഴിലാളികളുടെ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധയുമുണ്ടാകും.
ഈ വർഷം 429 സുരക്ഷാ പട്രോളിംഗ്, 21 ലാൻഡ് റെസ്‌ക്യൂ പട്രോളിംഗ്, 34 മറൈൻ സെക്യൂരിറ്റി ബോട്ടുകൾ, രണ്ട് ഹെലികോപ്റ്ററുകൾ, 35 ആംബുലൻസുകൾ, 51 സൈക്കിളുകൾ, 10 മറൈൻ റെസ്‌ക്യൂ ബോട്ടുകൾ, 62 സിവിൽ ഡിഫൻസ് വാഹനങ്ങൾ എന്നിവ വിന്യസിച്ചിരുന്നതായി ദുബായ് പോലീസ് ഓപ്പറേഷൻസ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതിയും പറഞ്ഞു.