ദുബായിൽ രണ്ട് പുതിയ സാലിക് ടോൾ ഗേറ്റുകൾ കൂടി വരുമെന്ന് ദുബായിലെ എക്സ്ക്ലൂസീവ് ടോൾ ഗേറ്റ് ഓപ്പറേറ്ററായ സാലിക് കമ്പനി പിജെഎസ്സി (സാലിക്) അറിയിച്ചു.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിംഗിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലുമാണ് പുതിയ രണ്ട് ഗേറ്റുകൾ സ്ഥാപിക്കുക.
ദുബായിലെ പ്രധാന റൂട്ടുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായി രണ്ട് പുതിയ ടോൾ ഗേറ്റുകൾ സ്ഥാപിക്കാൻ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) കമ്പനിയെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സാലിക് വ്യക്തമാക്കി.
പുതിയ ഗോൾ ഗേറ്റിന്റെ പ്രവർത്തനം ഈ വർഷം നവംബറോടെ ആരംഭിച്ചേക്കും. പുതിയ ഗേറ്റുകൾ വരുന്നതോടെ ദുബായിലെ സാലിക്കിന്റെ മൊത്തം ടോൾ ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയരും.