ദുബായ് പൊലീസിൻ്റെ ‘ഓൺ-ദി-ഗോ’ സംരംഭത്തിന് കീഴിൽ 400 ഓളം വാഹനം ഓടിക്കുന്നവർക്ക് സൗജന്യ കാർ റിപ്പയർ സേവനം ലഭിച്ചതായി അധികൃതർ അറിയിച്ചു. മുതിർന്ന പൗരന്മാർ, നിശ്ചയദാർഢ്യമുള്ളവർ, ഗർഭിണികൾ എന്നിവരുൾപ്പെടെ 400 ഓളം പേർക്കാണ് സേവനം ലഭ്യമായത്.
ഈ വർഷം ആദ്യമാണ് സംരംഭം ആരംഭിച്ചത്. താമസക്കാർക്ക് പൊലീസ് – എമർജൻസി സേവനങ്ങൾ നൽകുന്നതിനായി ദുബായിലെ 138 പെട്രോൾ സ്റ്റേഷനുകളിൽ “ഓൺ-ദി-ഗോ” സേവനം ലഭ്യമാണെന്ന് സംരംഭത്തിൻ്റെ തലവൻ ക്യാപ്റ്റൻ മാജിദ് ബിൻ സയീദ് അൽ കാബി പറഞ്ഞു.
പദ്ധതി ആരംഭിച്ചതിന് ശേഷം 1,679 ചെറിയ ട്രാഫിക് അപകടങ്ങളാണ് ദുബായിൽ റിപ്പോർട്ട് ചെയ്തത്. വാഹനം കേടുവരുത്തിയ അജ്ഞാത കക്ഷികൾക്കെതിരെ 496 റിപ്പോർട്ടുകൾ ഫയൽ ചെയ്തു; 265 കാറുകൾ നന്നാക്കി; പോലീസ് ഐ സർവീസ് വഴി 129 റിപ്പോർട്ടുകൾ രജിസ്റ്റർ ചെയ്തെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.അതേസമയം ഉടമകൾക്ക് നഷ്ടമായ 996 ഇനങ്ങൾ അവയുടെ ഉടമകൾക്ക് തിരികെ നൽകുന്നതിനും പദ്ധതി സഹായിച്ചു.
എമിറേറ്റ്സ് നാഷണൽ ഓയിൽ കമ്പനി (ഇനോക്), അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), എമറാത്ത് എന്നിവയുമായി സഹകരിച്ചാണ് സേവനം നൽകുന്നത്. പൊലീസ് ഐ ആപ്പിലൂടെയും സഹായം എത്തിക്കാറുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.