ദുബായിൽ ഡ്രോൺ ഉപയോഗിച്ചുളള മരുന്ന് വിതരണം വിജയകരമായി പൂർത്തിയാക്കി. രോഗികൾക്ക് പെട്ടെന്ന് മരുന്നുകൾ എത്തിക്കാനും പ്രതികരണ സമയം ഗണ്യമായി കുറയ്ക്കാനും ഗുരുതരമായ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും സഹായിക്കുന്നതാണ് പദ്ധതി. എത്തിച്ചേരാൻ പ്രയാസമുള്ള മേഖലകളിൽ ഡ്രോൺ വഴി സേവനം ഉപയോഗപ്പെടുത്താനുമാകും.
ദുബായ് സിലിക്കൺ ഒയാസിസിൽ (ഡിഎസ്ഒ) അരങ്ങേറിയ ഡ്രോണുകൾ വഴിയുള്ള മെഡിക്കൽ ഡെലിവറിയുടെ ആദ്യ പരീക്ഷണമാണ് വിജയത്തിലെത്തിയത്. ഫഖീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നടത്തിയ പരീക്ഷണത്തിൽ വളരെ വേഗം രോഗിയുടെ വീട്ടിൽ മരുന്നെത്തിക്കാനായി.പത്ത് കിലോമീറ്റർ ദൂരത്തിലാണ് ഡ്രോൺ മരുന്നുമായി പറന്നെത്തിയത്.
മിഡിൽ ഈസ്റ്റിൽ ആദ്യമായി ഡ്രോണുകൾ വഴി മെഡിസിൻ ഡെലിവറി അവതരിപ്പിക്കുന്നതിൽ തങ്ങൾ അഭിമാനിക്കുന്നുവെന്ന് ഫക്കീഹ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സിഇഒ ഡോ ഫാത്തിഹ് മെഹ്മെത് ഗുൽ പറഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയും ദുബായ് ഇൻ്റഗ്രേറ്റഡ് ഇക്കണോമിക് സോൺ അതോറിറ്റി (DIEZ) അംഗവുമായ ഡിഎസ്ഒയിൽ ഒരു വർഷമായി നടത്തിയ പരീക്ഷണങ്ങളെ തുടർന്നാണ് പദ്ധതി നടപ്പാക്കിയത്. ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ (ഡിഎഫ്എഫ്), ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) എന്നിവയുടെ സഹകരണവും ഉണ്ടായിരുന്നു.
2021-ൽ ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച “ഡ്രോൺ ഗതാഗതം സാധ്യമാക്കുന്നതിനുള്ള ദുബായ് പ്രോഗ്രാമിൻ്റെ” ലക്ഷ്യങ്ങൾക്ക് അനുസൃതമായായിരുന്നു പരീക്ഷണം.വിവിധ ആവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗപ്പെടുത്തി ഗതാഗത സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.