ശൈത്യകാല ക്യാംപിങ്ങിനെ വരവേൽക്കാനൊരുങ്ങി ദുബായിലെ മരുഭൂമികൾ. ഒക്ടോബർ 21 മുതലാണ് ക്യാംപിങ് സീസൺ ആരംഭിക്കുക. ഏപ്രിൽ അവസാനം വരെയാണ് സഞ്ചാരികൾക്ക് താൽക്കാലിക ടെൻ്റിൽ ക്യാംപിങ്ങിന് അവസരമുണ്ടാകുക.
അൽ അവീറിൽ ക്യാംപിങ് കേന്ദ്രങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. സുരക്ഷിതമായ ക്യാംപിങ് അന്തരീക്ഷമാണ് അധികൃതർ ജനങ്ങൾക്കായി വാഗ്ദാനം ചെയ്യുന്നത്. ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ക്യാംപുകളുടെ മുന്നിൽ വാഹനം നിർത്തിയിടാൻ സൗകര്യമുണ്ടാകും. അതോടൊപ്പം ക്യാംപുകളിലേയ്ക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് താൽക്കാലിക കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്നതിനുള്ള പെർമിറ്റും അനുവദിക്കും.
ദുബായ് പൊലീസ്, ആർടിഎ, സിവിൽ ഡിഫൻസ്, ദുബായ് ഇലക്ട്രിസിറ്റ് ആന്റ് വാട്ടർ അതോറിറ്റി എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. ലഭിച്ച സ്ഥലത്തെ ക്യാംപിൻ്റെ രൂപം പെർമിറ്റ് ഉടമകൾക്ക് തീരുമാനിക്കാൻ സാധിക്കും. എന്നാൽ, സുരക്ഷാ നിയമങ്ങൾ പാലിക്കണമെന്ന് മാത്രം. ഓരോ ക്യാംപുകൾക്ക് ചുറ്റും വേലി നിർബന്ധമാണെന്നും വേലിക്ക് പുറത്തെ സ്ഥലം ഉപയോഗിക്കരുതെന്നും നിർദേശമുണ്ട്.