ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായി നടക്കുന്ന ദുബായ് റൈഡ് നാളെ. തിരക്കേറിയ ശൈഖ് സായിദ് റോഡില്‍ നടക്കുന്ന സൈക്കിൾ റൈഡില്‍ പതിനായിരങ്ങൾ പങ്കെടുക്കും. ഞായറാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ റൂട്ടുകൾ തുറക്കും. രാവിലെ 6.30 മുതൽ 7.30 വരെ ഒരുമണിക്കൂറാണ് റൈഡിനായി മാറ്റിവയ്ക്കുക. ഇതിനായി ശൈഖ് സായിദി റോഡില്‍ വാഹനയാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
ഫാമിലി റൈഡ്, ജനറൽ റൈഡ് എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചാണ് ദുബായ് റൈഡ് നടക്കുന്നത്. ജനറൽ റൈഡ് 12 കിലോമീറ്ററും ഫാമിലി റൈഡ് നാല് കിലോമീറ്ററുമാണ് ദൂരം. അഞ്ച് ഗേറ്റുകൾ വഴിയാണ് റൈഡർമാരെ നിശ്ചിത പാതയിലേക്ക് പ്രവേശിപ്പിക്കുന്നത്. ജനറല്‍ റൈഡിനെത്തുന്നവർ കൊക്കകോള അരീന, മ്യൂസിയം ഓഫ് ഫ്യൂച്ചർ, അൽ സത്വ, ബിസിനസ് ബേ, ലോവർ ഫിനാൻഷ്യൽ സെന്റർ എന്നിവിടങ്ങളിലെ ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. ഡൗൺ ടൗണിന് മുന്നിലൂടെയാണ് കുട്ടികൾ ഉൾപ്പടെ കുടുംബാംഗങ്ങൾക്കുള്ള പാത. ദുബൈ മ്യൂസിയം ഓഫ് ഫ്യൂച്ചർ, ബുർജ് ഖലീഫ, ഡൗൺടൗൺ, വാട്ടർ കനാൽ എന്നിവയുടെ മുന്നിലൂടെയാണ് യാത്ര.
റൈഡിനെത്തുന്നവര് മുന്‍കൂട്ടി രജിസ്്റ്റര്‍ ചെയ്യണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ വർഷം 33,000 പേരാണ് ദുബായ് റൈഡില്‍ പങ്കെടുത്തത്. ഇക്കുറി കൂടുതല്‍ പേര് പങ്കാളികളാകുമെന്നാണ് സൂചന. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദിന്റെ നേതൃത്വത്തിലാണ് ഫിറ്റ്നസ് ചലഞ്ച് നടപ്പാക്കുന്നത്. അതേസമയം ആദ്യ വര്‍ഷത്തെപ്പോലെ ശൈഖ് ഹംദാൻ റൈഡില്‍ പങ്കെടുക്കുമോ എന്ന ആകാംഷയിലാണ് സൈക്കിൾ പ്രേമികൾ.