മന്ത്രവാദ സാമഗ്രികളുമായി ഭിക്ഷാടനം നടത്തിയ ഏഷ്യക്കാരിയായ ഒരു സ്ത്രീയെ ദുബായ് പോലീസ് പിടികൂടി. ദുബായ് പോലീസ് ആരംഭിച്ച ‘കോംബാറ്റ് ബെഗ്ഗിംഗ്’ ആന്റി ഭിക്ഷാടന ക്യാമ്പയിന്റെ ഭാഗമായാണ് ഈ സ്ത്രീയുടെ അറസ്റ്റ്. വ്യക്തികളെ സ്വാധീനിച്ച് പണം നേടാൻ വേണ്ടി ഇവർ മന്ത്രവാദമാല, പേപ്പറുകൾ, ഉപകരണങ്ങൾ, മാന്ത്രിക മൂടുപടം എന്നിവ കൈവശം വച്ചിരുന്നു.
ദുബായിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിന വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ അലി സലേം അൽ ഷംസി പറഞ്ഞു. ഒരു കമ്മ്യൂണിറ്റി അംഗം റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ സ്ത്രീയെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. ഭിക്ഷാടനം എന്ന കുറ്റകൃത്യത്തെ ചെറുക്കുകയും അതിലൂടെ ഒരു പരിഷ്കൃത സമൂഹത്തിന്റെ സത്ത സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിന്റെ പ്രാഥമിക ലക്ഷ്യം.