ആഗോള നിക്ഷേപകരുടെ പ്രധാന നിക്ഷേപ പ്ലാറ്റ്‌ഫോമായ വാർഷിക നിക്ഷേപ സംഗമത്തിന് അബുദാബിയിൽ തുടക്കം. മെയ് 8 മുതൽ 10 വരെയാണ് പരിപാടി. 170 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് സംഗമത്തിൽ പങ്കെടുക്കുക. ഭരണാധികാരികൾ, മന്ത്രമാർ, ഉന്നത ഉദ്യോഗസ്ഥർ, മുതിർന്ന കോർപ്പറേറ്റ് നേതാക്കൾ, സർക്കാർ ഉദ്യോഗസ്ഥർ, സിവിൽ സൊസൈറ്റി പ്രതിനിധികൾ എന്നിവരാണ് പങ്കെടുക്കുന്നത്.
സുസ്ഥിര സാമ്പത്തിക വളർച്ചയും വൈവിധ്യവും സമൃദ്ധിയും പ്രോത്സാഹിപ്പി ക്കുന്നതിനുള്ള ഭാവി നിക്ഷേപ അവസരങ്ങൾ” എന്ന പ്രമേയത്തിൽ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്നത്. അബുദാബി ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് ഡെവലപ്‌മെൻ്റുമായി സഹകരിച്ച് വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് പരിപാടി ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നിക്ഷേപകരെ ഒരുമിച്ച് കൊണ്ടുവരാനുള്ള ശേഷിയാണ് വാർഷിക നിക്ഷേപ മീറ്റിംഗിനെ വെത്യസ്തമാക്കുന്നത്.
ആഗോള സമ്പദ്‌വ്യവസ്ഥയ്‌ക്കായി ഒരു റോഡ്‌മാപ്പ് നിർമ്മിക്കുന്നതിൽ സമ്മേളനം ഇക്കുറി ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പ്രാദേശികവും അന്തർദ്ദേശീയവുമായ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അഞ്ച് പദ്ധതികളും ഉയർത്തിക്കാട്ടും. സ്റ്റാർട്ടപ്പുകൾ, വിദേശ നേരിട്ടുള്ള നിക്ഷേപം, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ഭാവി നഗരങ്ങൾ, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപങ്ങൾ എന്നിങ്ങനെയാണ് പദ്ധതികളെ തരംതിരിച്ചിട്ടുളളത്. വളർച്ചയ്ക്കും വികസനത്തിനുമുള്ള പുതിയ അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതാണ് സമ്മേളനമെന്ന് വാർഷിക നിക്ഷേപ യോഗത്തിൻ്റെ ചെയർമാൻ ദാവൂദ് അൽ ഷെസാവി പറഞ്ഞു.
നേരത്തെ കേരളമുഖ്യമന്ത്രി ഉൾപ്പെടയുളളവർക്ക് സമ്മേളനത്തിലേക്ക് ക്ഷണമുണ്ടായിരുന്നു. കേന്ദ്ര അനുമതി ലഭിക്കാഞ്ഞതിനെ തുടർന്ന് മന്ത്രിമാർക്ക് പകരം ഉദ്യോഗസ്ഥ പ്രതിനിധികളാണ് സംഗമത്തിന് എത്തിയത്.