ദുബായ് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ആരുമൊന്ന് നോക്കിപ്പോവുന്ന ഒരു രൂപമുണ്ട്. ആദ്യ ദിനം മുതൽ താരമായി നിൽക്കുന്ന ഖത്തർ എയർവേസിന്റെ നിർമിത ബുദ്ധി (AI)കാബിൻ ക്രൂ. വ്യോമയാന ചരിത്രത്തിൽ ആദ്യമായി ഒരു എ.ഐ കാബിൻ ക്രൂവിനെ അവതരിപ്പിച്ച ഖത്തർ എയർവേസിന്റെ മേഖലയിലെ ആദ്യ പ്രദർശനത്തിന് കൂടിയാണ് ദുബായ് വേദിയാകുന്നത്. വിമാനത്തിൽ കയറുമ്പോൾ യാത്രക്കാരെ സ്വീകരിക്കാറുള്ളത് എയർഹോസ്റ്റസുമാരാണല്ലോ. എന്നാൽ ഇനി മുതൽ ഇവർക്ക് പകരമാവാൻ തലയുയർത്തി നിൽക്കുന്ന ‘സമാ 2.0’ ആണ് ഇപ്പോൾ ദുബായ് എ.ടി.എമ്മിലെ പ്രധാന താരം. ട്രാവൽമാർട്ടിൽ സന്ദർശനത്തിനെത്തുന്നവരുടെ ചോദ്യങ്ങൾക്ക് ഉടനടി മറുപടി നൽകുന്ന ‘സമ’ യെ അത്ഭുതത്തോടെയാണ് ആളുകൾ നോക്കി കാണുന്നത്. വിമാന യാത്രയെ കുറിച്ചുള്ള ചോദ്യങ്ങൾ മാത്രമല്ല കേട്ടോ, ഒരു പ്രദേശത്ത് വന്നിറങ്ങുന്ന യാത്രക്കാരന് അവിടെ എന്തെല്ലാം കാഴ്ചകൾ കാണാനുണ്ടാകും എന്നതടക്കം ഈ ‘എ.ഐ മിടുക്കി’ സന്ദർശകർക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.
ദോഹയിലെ വിമാനത്താവളത്തിൽ യാത്രക്കാരെ സ്വാഗതം ചെയ്യുന്ന ‘സമാ’യെ പോലെ ഭാവിയിൽ വിമാനത്തിനകത്തും എ.ഐ എയർഹോസ്റ്റസുമാർ സ്ഥാനം പിടിക്കുമെന്നാണ് ട്രാവൽമേഖലയിലുള്ളവർ വിലയിരുത്തുന്നത്. എല്ലാ മേഖലകളിലും നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾ അതിവേഗം വളരുന്ന കാലമാണിത്. ഈ സാഹചര്യത്തിലാണ് ഖത്തർ എയർവേസ് ഇത്തരമൊരു സംവിധാനം വികസിപ്പിച്ചിട്ടുള്ളത്. മാർച്ചിൽ ജർമൻ നഗരമായ ബർലിനിൽ നടന്ന ടൂറിസം മേളയിലാണ് ‘സമാ’ യെ അധികൃതർ ആദ്യമായി പുറത്തിറക്കിയത്. ക്യൂ വേഴ്സ് പ്ലാറ്റ്ഫോം വഴിയും യാത്രക്കാർക്ക് ‘സമാ’യുടെ സേവനം ലഭ്യമാണ്.
മെയ് ആറിന് തുടങ്ങി വ്യാഴാഴ്ച വരെ നീണ്ടു നിൽക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ നിരവധി സവിശേഷതകളോടെയാണ് ഖത്തർ എയർവേസ് പവലിയൻ സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ലോകത്തെ ഒന്നാം നമ്പർ എയർലൈൻസായി തെരഞ്ഞെടുക്കപ്പെട്ട വിമാനകമ്പനിയായ ഖത്തർ എയർവേസും, മികച്ച വിമാനത്താവളമായി മാറിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെയും വെർച്വൽ റിയാലിറ്റി ടൂറും ട്രാവൽ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. കാബിൻ ഇൻറീരിയർ യാത്ര, ഇക്കണോമി ക്ലാസ് കാബിനുകളിലെ യാത്ര, അവാർഡ് നേടിയ ക്യൂ സ്യൂട്ട് ബിസിനസ് ക്ലാസ് എന്നിവയ്ക്കൊപ്പം ഹമദിലെ ഓർച്ചാഡ് ഉൾപ്പെടെ ആഡംഭര സൗകര്യങ്ങളും ട്രാവൽ മാർക്കറ്റിൽ പരിചയപ്പെടുത്തുന്നു. ഖത്തറിന്റെ പ്രശസ്തി വാനോളം ഉയർത്തുന്ന ‘സമാ’യെ നേരിൽ കാണാൻ ട്രാവൽ മാർക്കറ്റിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കാണ്.