യുഎഇയിൽ ഉപഭോക്തൃ അവകാശ സംരക്ഷണ നിയമം പരിഷ്കരിച്ചു. ഇതോടെ നിയമലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് വൻതുകയാണ് പിഴയായി ചുമത്തപ്പെടുക. 50,000 ദിർഹം (11.3 ലക്ഷം രൂപ) മുതൽ 10 ലക്ഷം ദിർഹം (2.26 കോടി രൂപ) വരെയാണ് പിഴ ചുമത്തുകയെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു.
വിപണിയിൽ കൃത്രിമം ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിന്റെയും ഭാഗമായാണ് നിയമത്തിൽ മാറ്റം വരുത്തിയത്. വിൽക്കപ്പെടുന്ന ഉല്പന്നത്തിൻ്റെ വില, നിലവാരം, വാറൻ്റി, കേടായ ഉല്പന്നം മാറ്റി നൽകൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട 43 നിബന്ധനകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേടായ ഉല്പന്നത്തിന് പകരം പുതിയത് നൽകാതിരിക്കുക, വാറൻ്റിയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാതിരിക്കുക, അമിത വില ഈടാക്കുക, നിലവാരമില്ലാത്ത ഉല്പന്നം നൽകുക തുടങ്ങിയ കുറ്റങ്ങൾക്കാണ് പിഴ ചുമത്തുക.
നേരിട്ട് സേവനവും വ്യാപാരവും നൽകുന്നവർക്കും ഓൺലൈനായി ബിസിനസ് നടത്തുന്ന സ്ഥാപനങ്ങൾക്കും നിയമം ഒരുപോലെ ബാധകമാണെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, പൊതുജനങ്ങൾക്ക് സ്ഥാപനങ്ങൾ നൽകുന്ന സേവനവുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ സാമ്പത്തിക മന്ത്രാലയത്തെയോ ഉപഭോക്ത്യ സംരക്ഷണ വകുപ്പിനെയോ സമീപിക്കാമെന്നും അന്വേഷണത്തിന് ശേഷം സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.