ഒമാനിലെ ചെറുകിട സ്ഥാപനങ്ങൾ വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് തൊഴിൽ മന്ത്രാലയം. 55 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണമെന്നും രജിസ്റ്റർ ചെയ്യാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
വേജ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി സ്ഥാപനത്തിലെ ജീവനക്കാരുടെ ശമ്പളം കൈമാറിയിട്ടില്ലെങ്കിൽ ആദ്യം മുന്നറിയിപ്പ് നൽകുകയും പ്രാരംഭ വർക്ക് പെർമിറ്റ് നൽകുന്ന സേവനം താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്യും. പിന്നീട് സ്ഥാപനങ്ങളിൽ നിന്ന് 50 റിയാൽ പിഴയായി ഈടാക്കും. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും അധികൃതർ പറഞ്ഞു.
തൊഴിൽ മന്ത്രാലയം സെൻട്രൽ ബാങ്കുമായി സഹകരിച്ചാണ് ഈ സംവിധനം ഒരുക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിലൂടെ കമ്പനികൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. സ്വകാര്യമേഖലയിൽ വേജ് പ്രൊട്ടക്ഷൻ സിസ്റ്റം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ തൊഴിൽ മന്ത്രാലയം നേരത്തേ തന്നെ പുറത്തിറക്കിയിരുന്നു.