അബുദാബിയിലെ ഫാംഹൗസുകൾ വിനോദസഞ്ചാരികൾക്കുള്ള അവധിക്കാല പാർപ്പിടങ്ങളാക്കി മാറ്റാൻ അനുമതി നൽകി അബുദാബി ടൂറിസം വകുപ്പ്. അബുദാബിയിൽ വിനോദസഞ്ചാരികളുടെ താമസസൗകര്യം വർധിപ്പിക്കുകയും ഫാം ഉടമകൾക്ക് സാമ്പത്തിക നേട്ടം ലഭിക്കാൻ വഴിയൊരുക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്. കൂടാതെ നഗരത്തിലെ തിരക്കുകളിൽ നിന്നുമാറി ഗ്രാമീണ അന്തരീക്ഷത്തിൽ കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ചെലവഴിക്കാനുള്ള അവസരവും അതുവഴി സൃഷ്ടിക്കപ്പെടും.
ഇതിനായി ഫാം ഹൗസ് ഉടമകൾ ടൂറിസം വകുപ്പിൽ നിന്ന് ലൈസൻസ് നേടണം. ലൈസൻസ് മാനദണ്ഡം പാലിക്കുന്നതിന് ആറുമാസം ഫാം ഹൗസ് ഉടമകൾക്ക് സാവകാശവും നൽകും. ഫാമിന്റെ മൊത്തം വിസ്തൃതിയുടെ 30 ശതമാനത്തിൽ കൂടുതൽ ഹോം സ്റ്റേ പാടില്ലെന്നും നിബന്ധനയിലുണ്ട്. 1,536 ഫാമുകളാണ് അബുദാബിയിൽ മാത്രം നിലവിലുള്ളത്. അബുദാബിയുടെ ആതിഥ്യമര്യാദയെയും കാർഷിക-ടൂറിസം മേഖലയെയും പിന്തുണക്കുന്നതാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ സാലിഹ് മുഹമ്മദ് അൽ ജെസീരി പറഞ്ഞു.
മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം സന്ദർശകരുടെ എണ്ണത്തിൽ 13 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യ, സൗദി, ബ്രിട്ടൻ, യു.എസ് എന്നീ രാജ്യങ്ങളിൽനിന്നാണ് ഇവിടേയ്ക്ക് കൂടുതലായും സഞ്ചാരികളെത്തുന്നത്. വിനോദ സഞ്ചാരികൾക്ക് ഫാമുകൾ സന്ദ ർശിക്കാനും താമസിക്കാനുമുള്ള അനുമതി നൽകിയതുവഴി ടൂറിസം മേഖലയിൽ കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും ഫാമിലെ ജൈവ ഉൽപ്പന്നങ്ങൾ അവിടെത്തന്നെ വിറ്റഴിക്കാനും ഇതുവഴി സാധിക്കും.