ഷാർജ ഇസ്ലാമിക് ബാങ്കിന്റെ ലാഭശതമാനത്തിൽ വൻ വർധനവ്. കഴിഞ്ഞ ആറ് മാസത്തിനുള്ളിലെ ബാങ്കിന്റെ (എസ്.ഐ.ബി) ലാഭശതമാനത്തിന്റെ കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബാങ്കിന്റെ ലാഭം 36.7 ശതമാനം വർധിച്ച് 494.6 ദശലക്ഷത്തിലെത്തിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ലാഭം 361.9 ദശലക്ഷമായിരുന്നു.
ഇക്കാലയളവിൽ ബാങ്കിന്റെ പ്രവർത്തനലാഭം 31 ശതമാനം വർധിച്ച് 648.7 ദശലക്ഷത്തിലെത്തിയതായി ബാങ്ക് അറിയിച്ചു. 2022ൽ ഇതേ കാലയളവിൽ പ്രവർത്തനലാഭം 497.2 ദശലക്ഷമായിരുന്നു. നിക്ഷേപസ്ഥാപനങ്ങൾ, ധന ഇടപാട് എന്നിവയിൽനിന്നുള്ള വരുമാനത്തിൽ 22 ശതമാനവും വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിൽ 587.3 ദശലക്ഷമായിരുന്ന വരുമാനം 2023 ജൂണിന്റെ അവസാനത്തോടെ 716.7 ദശലക്ഷമായി ഉയർന്നതായാണ് റിപ്പോർട്ട്.