തെരഞ്ഞെടുപ്പ് ചൂടിലാണ് രാജ്യം. പ്രവാസികളായ മലയാളികൾ വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി അന്നേ ദിവസം സ്വന്തം നാട്ടിൽ ഉണ്ടാവുമെന്നതിൽ സംശയമില്ല. ഖത്തറിലെ വാരാന്ത്യ അവധിദിനമായ ഏപ്രിൽ 26 വെള്ളിയാഴ്ചയാണ് കേരളത്തിൽ വോട്ടെടുപ്പ്. അവധി ദിവസമായതിനാൽ രണ്ടും മൂന്നും ദിവസത്തേക്ക് നാട്ടിലെത്തി വോട്ടു ചെയ്ത് മടങ്ങാൻ സൗകര്യമുണ്ട്. എന്നാൽ ടിക്കറ്റ് വില ഇപ്പോൾ തന്നെ കുതിച്ചുയർന്നു കഴിഞ്ഞു. നിലവിൽ ഏപ്രിൽ 25ന് പുറപ്പെട്ട്, 27ന് തിരികെയെത്തുന്ന ദോഹ-കോഴിക്കോട് എയർ ഇന്ത്യയിൽ 2400 റിയാലാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.
നേരിട്ടുള്ള ഖത്തർ എയർവേസ് റിട്ടേൺ ഉൾപ്പെടെ ട്രിപ്പിന് 2400 റിയാലാണ് നിലവിലെ നിരക്ക്. കണക്ഷൻ വിമാനങ്ങളായ എയർ അറേബ്യ, ഗൾഫ് എയർ, ഒമാൻ എയർ വിമാനങ്ങൾക്കും പതിയെ നിരക്കുയർന്നു തുടങ്ങിയിട്ടുണ്ട്. ഏപ്രിൽ 25ന് എയർ ഇന്ത്യ എക്സ്പ്രസിന് ദോഹ- കോഴിക്കോട് 1050 റിയാലാണ് നിരക്കായി ഈടാക്കുന്നത്. എന്നാൽ ഇതേ ദിനം ദോഹ-കൊച്ചി എയർ ഇന്ത്യ 850 റിയാൽ നിരക്കിലും ഇൻഡിഗോ 1100 റിയാൽ നിരക്കിലും ടിക്കറ്റുകൾ ലഭ്യമാണ്. ഹ്രസ്വ അവധിക്ക് നാട്ടിലെത്തി വോട്ട് ചെയ്ത് മടങ്ങാനായി പ്രവാസികൾ തയാറെടുക്കുന്നതായി വിവിധ സംഘടന ഭാരവാഹികൾ അറിയിച്ചിരുന്നു.