മാലിന്യ നിര്‍മ്മാര്‍ജനത്തിന് പുതിയ നയവുമായി സൗദി അറേബ്യ. സൗദി നാഷണല്‍ സെന്റര്‍ ഫോര്‍ വേസ്റ്റ് മാനേജ്മെന്റാണ് പുതിയ നയം പ്രഖ്യാപിച്ചത്. നിയമങ്ങളുടെയും നിയമ ലംഘനങ്ങളുടേയും പട്ടികയും പിഴത്തുകയും അധികൃതര്‍ പ്രസിദ്ധീകരിച്ചു.
മാലിന്യം വലിച്ചെറിയരുത്
പുതിയ ചട്ടങ്ങള്‍ പ്രകാരം വീടുകളില്‍ നിന്നും വാഹനങ്ങളില്‍ നിന്നും മാലിന്യം വലിച്ചെറിയുന്നതും പൊതു ഇടങ്ങളില്‍ നിക്ഷേപിക്കുന്നതും 200 റിയാല്‍ മുതല്‍ 1000 റിയാല്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. നിര്‍മ്മാര്‍ജനത്തിനായി മണ്ണില്‍ കുഴിച്ചിട്ട മാലിന്യങ്ങൾ പുറത്തെടുക്കുന്നതും കുറ്റകരമാണ്. നിര്‍മ്മാര്‍ജനം ചെയ്ത മാലിന്യങ്ങളില്‍നിന്ന് പുനരുപയോഗ വസ്തുക്കൾ വേര്തിരിച്ചെടുക്കുന്നവര്ക്ക് 1000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ലഭ്യമാകുമെന്നും ഉത്തരവിലുണ്ട്. ജൈവ മാലിന്യങ്ങള്‍ അനുമതിയില്ലാത്ത സ്ഥലങ്ങളിലോ കണ്ടെയ്നറുകളുടെ പരിസരത്തോ നിക്ഷേപിച്ചാല്‍ 1000 റിയാലാണ് പിഴ ലഭിക്കുക.
കെട്ടിയ നിര്‍മ്മാണ മാലിന്യ സംസ്കരണം
അതേസമയം കെട്ടിയ നിര്‍മ്മാണ മാലിന്യങ്ങൾ സംസ്കരിക്കുന്നതിനും വ്യവസ്ഥകൾ നിര്‍ബന്ധമാക്കി. കെട്ടിട നിര്‍മ്മാണം, നവീകരണം, പൊളിച്ചുമാറ്റല്‍ എന്നിവയിലൂടെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ യഥാവിധം നിക്കം ചെയ്തില്ലെങ്കില്‍ 50,000 റിയാല്‍ വരെ പിഴ ഈടാക്കാം. കിടക്കകള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ വലിയ വലിപ്പത്തിലുള്ള പാര്‍പ്പിട മാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതും വന്‍ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
ജലസുരക്ഷ പ്രധാനം
അനുമതിയില്ലാതെ മാലിന്യം മറ്റോരിടത്തേക്ക് കൊണ്ടുപോകുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. താഴ്വരകള്‍, കിണറുകള്‍, ബീച്ചുകള്‍, മഴവെള്ള ഡ്രെയിനേജ് ശൃംഖലകള്‍ എന്നിവിടങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ 5,000 മുതല്‍ 20,000 റിയാല്‍ വരെ പിഴ ചുമത്തും. ഉറവിടത്തില്‍ തന്നെ അപകടകരമായ മാലിന്യങ്ങളും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ മാലിന്യങ്ങളും വേര്‍തിരിക്കുന്നതിനും നിബന്ധനകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പൊതുസ്ഥലങ്ങളില്‍ അനധികൃത പാര്‍ട്ടികള്‍ക്കും മറ്റുമായി കണ്ടെയ്നറുകള്‍ സ്ഥാപിച്ചാല്‍ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. പുതിയ കരടിലെ വ്യവസ്ഥകളും പിഴസംബന്ധമായ വിവരങ്ങളും ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ പബ്ലിക് കണ്സള്ട്ടേഷന് പ്ലാറ്റ്ഫോമില്‍ ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.