ഇന്ത്യയടക്കം 160 രാജ്യങ്ങളില്‍ നിന്നുളള വിദ്യാര്‍ത്ഥികൾക്കും ഗവേഷകര്‍ക്കും അവസരമൊരുക്കി സൗദി അറേബ്യയുടെ പുതിയ വിദ്യാഭ്യാസ വിസാനയം. ദീര്‍ഘകാല വിദ്യാഭ്യാസ വിസകളും ഹ്രസ്വകാല വിദ്യാഭ്യാസ വിസകളും അനുവദിക്കാന്‍ കഴിഞ്ഞ ദിവസം മന്ത്രിതല കൗണ്‍സില്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് യൂണിവേഴ്സിറ്റികളിലും മറ്റ് വിദ്യാഭ്യാസ കേന്ദ്രങ്ങളിലും അപേക്ഷാ നടപടികൾ ആരംഭിച്ചു.
പുതിയ വികസകൾക്കായി സൗദിയിലെ എല്ലാ പ്രവിശ്യകളിലെയും യൂനിവേഴ്‌സിറ്റികളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്കും ഡോക്ടറേറ്റ് അടക്കം ഗവേഷണ കോഴ്സുകൾക്കും അപേക്ഷ നല്‍കാം. അറബിക്ക് പുറമെ ഹിന്ദിയും ഉർദുവും ഇംഗ്ലീഷുമടക്കം ഒമ്പത് ഭാഷകളിൽ അപേക്ഷ നൽകാനുള്ള സൗകര്യം വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
വിദേശ രാജ്യങ്ങളില്‍നിന്ന് ഇ-മെയിൽ വഴി സൈറ്റിൽ രജിസ്റ്റർ ചെയ്യാന്‍ അവസരമുണ്ട്. അപേക്ഷകളിന്‍മേല്‍ യൂനിവേഴ്‌സിറ്റികളാണ് ആദ്യം അനുമതി നല്‍കുക. പിന്നീട് വിദ്യാഭ്യാസ മന്ത്രാലയവും പരിഗണിക്കും 17 മുതല്‍ 25വരെയുളള പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഡിപ്ളോമ കോഴ്സുകൾക്കൊ, ബിരുദ പഠനത്തിനൊ അപേക്ഷിക്കാം.. 30 വയസ്സുവരെ ബിരുദാനന്തര ബിരുദത്തിനും ചേരാനാകും. ഗവേഷണ വിഷയങ്ങൾക്ക് 35 വരെയാണ് പ്രായപരിധി.
ആകെയുള്ള സീറ്റുകളുടെ അഞ്ച് ശതമാനമാണ് വിദേശികൾക്ക് അനുവദിക്കുക. എന്നാൽ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിൽ 85 ശതമാനം സീറ്റുകളില്‍ വിദേശികളെ പരിഗണിക്കാം. ശാസ്ത്ര വിഷയങ്ങൾ ഇംഗ്ലീഷിലും മറ്റുള്ളവ അറബിയിലുമാണ് പഠിപ്പിക്കുക.