സൗദി അറേബ്യ, ബഹ്റൈൻ നാവിക സേനകളുടെ ഉഭയകക്ഷി നാവിക അഭ്യാസത്തിന് ബഹ്റില്‍ തുടക്കം. സൗദി പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. “ബ്രിഡ്ജ് 23” ഡ്രില്‍ എന്ന പേരിലാണ് സൈനികാഭ്യാസം.
യുദ്ധ സന്നദ്ധത ഉയർത്തുക, തന്ത്രപരമായ ആശയങ്ങൾ നിലവാരം പുലർത്തുക, സംയുക്ത പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനുള്ള സഹായം എന്നിവയാണ് ലക്ഷ്യമിടുന്നതെന്ന് അഭ്യാസത്തിന്റെ ഡയറക്ടർ കേണൽ അഹമ്മദ് അൽ ഒസൈമി പറഞ്ഞു. നാവിക യുദ്ധങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ എന്നിവയും അഭ്യാസത്തിൽ ഉൾപ്പെടുത്തുമെന്നും ഇരു നാവികസേനകളിലെയും ആശയവിനിമയ നടപടിക്രമങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിൽ കാലാകാലങ്ങളിൽ നടത്തുന്ന “ബ്രിഡ്ജ്” പരമ്പരയുടെ വിപുലീകരണത്തിന്റെ ഭാഗമായാണ് നീക്കം. റോയൽ ബഹ്റൈൻ നേവി കമാൻഡർ റിയർ അഡ്മിറൽ മുഹമ്മദ് യൂസഫ് അൽ അസം, ബഹ്റൈനിലെ സൗദി എംബസിയിലെ മിലിട്ടറി അറ്റാഷെ, ബ്രിഗേഡിയർ ജനറൽ ഫഹദ് ബിൻ ഇബ്രാഹിം അൽ തുനയാൻ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലാണ് പരിശീലനം.