ദുബായിൽ നടക്കുന്ന മൂന്നാമത് വേൾഡ് ഓഫ് കോഫി എക്സിബിഷൻ സന്ദർശിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിപണികളെ പരസ്പരം ബന്ധിപ്പിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്ന ദുബായ് ഭാവിയിലെ ആഗോള വാണിജ്യ കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് പ്രദർശനത്തിലെ വിവിധ പവലിയനുകൾ സന്ദർശിച്ച അദ്ദേഹം പറഞ്ഞു.
ദുബായ് വേൾഡ് ട്രേഡ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമായ ഡി.എക്സ്.ബി ലൈവാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്റെ സഹകരണത്തോടെയാണ് മേള സംഘടിപ്പിച്ചത്. 51 രാജ്യങ്ങളിൽ നിന്നുള്ള 1,650 കമ്പനികളുടെ ബ്രാന്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്.
എക്സിബിഷനിൽ ഇന്ത്യ, മ്യാൻമർ, റുവാണ്ട, ഉഗാണ്ട, ഇക്വഡോർ, കോസ്റ്റാറിക്ക, എൽ സാൽവഡോർ എന്നീ ഏഴ് രാജ്യങ്ങളുടെ ദേശീയ പവലിയനുകളുമുണ്ട്. അമേരിക്ക, ജർമ്മനി, കാനഡ, സ്ലൊവാക്യ, പോർച്ചുഗൽ, അയർലൻഡ്, കുവൈറ്റ്, നോർവേ, തായ്‌വാൻ, തായ്‌ലൻഡ്, പാക്കിസ്ഥാൻ, ഇറാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കോഫി കമ്പനികളും ബ്രാൻഡുകളുമാണ് മേളയിൽ പങ്കെടുക്കുന്നത്. വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന മേള ഇന്ന് സമാപിക്കും.