മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിർദേശിച്ച നിയമങ്ങൾ പാലിക്കുന്നതിൽ ദുബായിലെ വാഹന ഉടമകൾ മാതൃകയാണെന്ന് ദുബായ് റോഡ് ഗതാഗത അതോറിറ്റി. ഒരാഴ്ചയായി നടത്തിവരുന്ന പരിശോധനയിൽ 98 ശതമാനം വാഹനങ്ങളും നിയമം പാലിക്കുന്നതായി കണ്ടെത്തിയതായും ആർ.ടി.എയുടെ നേതൃത്വത്തിൽ നടത്തുന്ന ബോധവത്കരണ പ്രവർത്തനങ്ങൾ വിജയിച്ചതായും അധികൃതർ വ്യക്തമാക്കി.
ചരക്ക് ഗതാഗത ട്രക്കുകൾ ഉൾപ്പെടെയുള്ളവ കാർബൺ പുറന്തള്ളുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധിക്കുന്നുണ്ടെന്ന് ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് വകുപ്പ് ഡയറക്ടർ ഈസ അൽ അമീരി പറഞ്ഞു. വാഹനങ്ങൾ പുറന്തള്ളുന്ന കാർബൺ മലിനീകരണത്തെക്കുറിച്ച് ഉടമകൾക്ക് ബോധവൽകരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ ആരംഭിച്ചത്.
ആർ.ടി.എയിലെ ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്റററിങ് വകുപ്പിന്റെ ഫീൽഡ് ടീമംഗങ്ങളാണ് പരിശോധനയും ബോധവൽകരണവും നടത്തിയത്. ദുബായിലെ വിവിധ റോഡുകളും സ്ട്രീറ്റുകളും കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതിനോടൊപ്പം പരിസ്ഥിതി അവബോധം വർധിപ്പിക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി ആർ.ടി.എ വിവിധ കാമ്പയിനുകൾ നടത്തിവരുന്നുണ്ട്.