കഴിഞ്ഞ വര്‍ഷം ഖത്തറിലെ പൊതു-സ്വകാര്യ മേഖലകളിലായി ഏഴായിരത്തില്‍ അധികം സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നല്‍കിയതായി കണക്കുകൾ. തൊഴിൽമന്ത്രാലയവും സിവിൽ സർവിസും ഗവൺമെൻറ് ഡെവലപ്മെൻറ് ബ്യൂറോയും ചേർന്ന് പുറത്തിറക്കിയ റിക്രൂട്ട്മെൻറ് സ്ഥിരിവിവര കണക്കാണ് പുറത്ത് വന്നത്.
അയ്യായിരത്തിലധികം പൗരന്മാർക്ക് നിയമനം നൽകിയത് പൊതുമേഖലയിലാണെന്നതാണ് പ്രത്യേകത. പുതിയ നിയമനങ്ങളിൽ 69 ശതമാനവും സ്ത്രീകൾക്കാണ് ലഭ്യമായത്. തൊഴിൽ മേഖലയിലെ സ്ത്രീപുരുഷ നിയമന അനുപാതം, രാജ്യത്തെ ഏറ്റവും ഡിമാൻഡുള്ള മേഖലകൾ തുടങ്ങി തൊഴിൽ രംഗവുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ഡേറ്റാ റിപ്പോർട്ട്.
സർക്കാർ മേഖലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സഹകരണ മേഖലകൾ, ഔഖാഫ് ഇസ്ലാമികകാര്യ മന്ത്രാലയം, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവയാണ് ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സ്ഥാപനങ്ങൾ. എന്നാല്‍ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ നൽകിയത് മുനിസിപ്പാലിറ്റി മന്ത്രാലയവും സുപ്രീം ജുഡീഷ്യറി കൗൺസിലും ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസുമാണെന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം സ്വകാര്യ മേഖലയിൽ 1850 സ്വദേശി പൗരന്മാർക്കാണ് തൊഴിൽ ലഭിച്ചത്. ഇതില്‍ 52 ശതമാനം പുരുഷന്മാരാണ്. ബിസിനസ് മാനേജ്മെൻറ്, എൻജിനീയറിങ്, അക്കൗണ്ടിങ് മേഖലകളിലാണ് കൂടുതൽ നിയമനങ്ങൾ നടന്നത്. സാമ്പത്തിക, ഇൻഷുറൻസ് മേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങൾ ഉണ്ടായത്.