രാജ്യാന്തര ഹോർട്ടികൾച്ചറൽ പ്രദർശനത്തിനെത്തുന്നവരെ സ്വീകരിക്കാനൊരുങ്ങി ദോഹ മെട്രോ സ്റ്റേഷനുകൾ. സന്ദർശകരെ വരവേൽക്കാൻ അതിമനോഹരമായാണ് മെട്രോ സ്റ്റേഷനുകൾ അലങ്കരിച്ചിരിക്കുന്നത്. മധ്യപൂർവ്വ വടക്കൻ ആഫ്രിക്കൻ (മിന) മേഖലയിലെ പ്രഥമ രാജ്യാന്തര ഹോർട്ടികൾചറൽ പ്രദർശനമാണ് ഒക്ടോബർ 2 മുതൽ മാർച്ച് 28 വരെ ഖത്തറിൽ നടക്കുന്നത്.
‘ലോകം വീണ്ടും ദോഹയിൽ ഒന്നിക്കുന്നു’ എന്ന മുദ്രാവാക്യമുയർത്തിയാണ് ദോഹ മെട്രോ സ്റ്റേഷനുകളിൽ അലങ്കാരങ്ങൾ പുരോഗമിക്കുന്നത്.
30 ലക്ഷം പേരെയാണ് 6 മാസം നീളുന്ന എക്സ്പോയിലേക്ക് നിലവിൽ പ്രതീക്ഷിക്കുന്നത്. ഫിഫ ലോകകപ്പിന് ശേഷം ഖത്തർ ആതിഥേയരാകുന്ന രണ്ടാമത്തെ വലിയ പരിപാടിയാണിത്. സന്ദർശകരെ സ്വാഗതം ചെയ്തുള്ള അലങ്കാരങ്ങൾ വരും ആഴ്ചകളിൽ പുരോഗമിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.
വിവിധ പ്രദർശനത്തിന് പുറമെ പരിസ്ഥിത സെന്റർ, ജൈവ വൈവിധ്യ മ്യൂസിയം, ഫാമിലി ആംഫി തിയേറ്റർ, ഇൻഡോർ ഗെയിമുകൾ, കൾചറൽ ബസാർ, ഫാർമേഴ്സ് മാർക്കറ്റ്, ഗ്രാൻഡ് സ്റ്റാൻഡ് അറീന തുടങ്ങിയവയും എക്സ്പോയിൽ സജീവമാകും. അധികം വൈകാതെ 6 മാസം നീളുന്ന എക്സ്പോയിലേക്കുള്ള വൊളന്റിയർ പ്രോഗ്രാമും ആരംഭിക്കും.