ലേല നടപടികൾക്കായി പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം നടത്തുന്ന വിവിധ ലേലങ്ങളിൽ പങ്കെടുക്കാൻ പൊതുജനങ്ങൾക്കായി ‘സൗം’ എന്ന ആപ്ലിക്കേഷനാണ് ആരംഭിച്ചിരിക്കുന്നത്. ലേല നടപടികളിൽ ഏകജാലക സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. ആദ്യഘട്ടത്തിൽ സൗം അപ്ലിക്കേഷൻ വഴി വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളുമായി ബന്ധപ്പെട്ട ലേലങ്ങളാണ് നടത്തുക.
മന്ത്രാലയം സ്ഥിരമായി നടത്തിവരുന്ന സവിശേഷ നമ്പർ പ്ലേറ്റുകൾക്കുള്ള ലേലം, വാഹനങ്ങൾ, ബോട്ടുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവയുടെ ലേലങ്ങൾ അധികം വൈകാതെ സൗം ആപ്ലിക്കേഷനിലൂടെ നടത്താനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മെട്രാഷ് 2-വിലെ വിവരങ്ങൾ നൽകി പൊതുജനങ്ങൾക്ക് മൊബൈൽ അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.