പ്രിയപ്പെട്ടവരുടെ മരണത്തിന് ശേഷം സംസ്കരിക്കുന്ന സ്ഥലവുമായി ബന്ധപ്പെട്ട് നിരവധി നിയമങ്ങളാണ് യുഎഇയിൽ നിലവിലുള്ളത്. രാജ്യത്ത് വിവിധ മത പശ്ചാത്തലത്തിലുള്ളവർ താമസിക്കുന്നതിനാൽ നിവാസികൾക്കിടയിലെ സംസ്കാര ചടങ്ങുകൾ വ്യത്യസ്തമായിരിക്കാം. എന്നാൽ ശ്മശാന, ശവസംസ്കാര നടപടിക്രമങ്ങൾക്കായി രാജ്യം ഏർപ്പെടുത്തിയിരിക്കുന്ന നിയമങ്ങളും പിഴകളും എല്ലാവർക്കും ഒരുപോലെ ബാധകമാണ്. നിയമ ലംഘകർക്ക് 5,00,000 ദിർഹം വരെയാണ് പിഴയായി ചുമത്തുക.
• 10,000 ദിർഹം മുതൽ 50,000 ദിർഹം പിഴ ലഭിക്കാവുന്ന ലംഘനങ്ങൾ
1. രാജ്യത്തിനകത്ത് അനുമതിയില്ലാതെ ആരുടെയെങ്കിലും മൃതദേഹമോ അവശിഷ്ടമോ കൈമാറുക
2. നിയമം അനുവദനീയമായതല്ലാതെ മറ്റെന്തെങ്കിലും ആവശ്യത്തിനായി മൃതദേഹത്തിൻ്റെ ഫോട്ടോ എടുക്കുക
3. മൃതദേഹം ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങളിൽ കൊണ്ടുപോകുക
4. രാജ്യത്തെ മറ്റേതെങ്കിലും അനൗദ്യോഗിക ഔട്ട്‌ലെറ്റുകൾ വഴി മൃതദേഹങ്ങൾ കൊണ്ടുപോകുക
5. ശ്മശാനങ്ങൾ മൃതദേഹം സംസ്കരിക്കുന്നതിനല്ലാതെ മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുക
• അധികാരികൾ നിശ്ചയിച്ചിട്ടില്ലാത്ത ഏതെങ്കിലും ശ്മശാനത്തിൽ സംസ്കാരം നടത്തിയാൽ 10,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.
• യുഎഇയിൽ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിക്കുകയോ അനുമതിയില്ലാതെ രാജ്യത്തിന് പുറത്തേക്ക് മാറ്റുകയോ ചെയ്താൽ ഒരു വർഷം വരെ തടവും 1,00,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും ചുമത്തും.
• സംസ്കാരവുമായി ബന്ധപ്പെട്ട് ശ്മശാനമോ കുഴിയോ സംഭരണ സ്ഥലമോ അശുദ്ധമാക്കിയാൽ 1,00,000 ദിർഹം മുതൽ 2,00,000 ദിർഹം വരെ പിഴയും ഒരു വർഷം വരെ തടവും ലഭിക്കും.
• മൃതദേഹം നീക്കം ചെയ്യുന്നതിനായി അനുമതിയില്ലാതെ ശവക്കുഴി കുഴിച്ചാൽ 1,00,000 ദിർഹം മുതൽ 2,00,000 ദിർഹം വരെ പിഴയും നാല് വർഷമോ അതിൽ കൂടുതലോ തടവും, അതോടൊപ്പം കുഴിയെടുക്കൽ മരിച്ചയാളുടെ അവഹേളനത്തിന് ഇടയാക്കിയാൽ അഞ്ച് വർഷത്തിൽ കൂടുതൽ തടവും ചുമത്തും.
• അനുമതിയില്ലാതെ യുഎഇയിൽ നിന്ന് മൃതദേഹങ്ങൾ കൊണ്ടുപോകുകയോ കൊണ്ടുവരികയോ ചെയ്താൽ 50,000 ദിർഹം മുതൽ 1,00,000 ദിർഹം വരെ പിഴയും ഒരു വർഷത്തിൽ താഴെ തടവും ലഭിക്കും.