കഴിഞ്ഞ ദിവസം സൗദി റിയാദിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ വേര്‍പിരിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ യമനി സയാമീസ് ഇരട്ടകളില്‍ ഒരാൾ മരിച്ചു. രക്തചംക്രമണത്തില്‍ സാരമായ കുറവുണ്ടായതിനെത്തുടർന്നാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സഹോദരന്‍റെ ആരോഗ്യത്തില്‍ സ്ഥിരത കാണിക്കുന്നെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സൗദി പ്രസ് ഏജൻസിയാണ് വാര്‍ത്ത പുറത്തുവിട്ടത്.
സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ നിർദേശ പ്രകാരം കഴിഞ്ഞ ദിവസമാണ് യെമൻ സ്വദേശി മുഹമ്മദ് അബ്ദുൽ റഹ്മാന്റെ മക്കളായ സയാമീസ് ഇരട്ടകൾ യൂസഫിന്റെയും യാസിന്റെയും ശസ്ത്രക്രിയ നടത്തിയത്. തലകൾ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായിരുന്നു ഇരുവരും. 15 മണിക്കൂർ നീണ്ട അതി സങ്കീര്‍ണ ശസ്ത്രക്രിയ
ലോക ശ്രദ്ധ നേടിയിരുന്നു.
വേർപിരിയൽ പ്രക്രിയയിൽ ശസ്ത്രക്രിയാ സംഘം വലിയ ബുദ്ധിമുട്ടുകളും വെല്ലുവിളികളും നേരിട്ടിരുന്നെന്നും ഒപ്പറേഷന് ശേഷം ഒരാളുടെ നില ഗുരുതരമായെന്നും സൗദി പ്രസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനസുകൾ, സെറിബ്രൽ വെനസ്, തലച്ചോറിന്റെ ഭാഗങ്ങൾ എന്നിവയിൽ ഇരട്ട പങ്കുവയ്‌ക്കുന്നതിനാലാണ് ശസ്ത്രക്രിയ സങ്കീർണ്ണമായത്.
കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്ആർ റിലീഫ്) മുൻകൈയെടുത്തതിന്റെ ഭാഗമായി ഡോ. മുതാസെം അൽ സുഗൈബിയുടെ നേതൃത്വത്തിലുള്ള 24 ഡോക്ടർമാരുടെ സംഘമാണ് ഓപ്പറേഷനിൽ പങ്കെടുത്തത്.
പീഡിയാട്രിക് ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി, അനസ്തേഷ്യ, നഴ്‌സിംഗ് എന്നിവയിൽ വൈദഗ്ധ്യമുള്ള സംഘം അനസ്തേഷ്യ, നാവിഗേഷൻ പ്ലാനിംഗ്, ശസ്ത്രക്രിയയ്ക്കുള്ള തയ്യാറെടുപ്പ്, ചർമ്മസംരക്ഷണം, മസ്തിഷ്ക കോശങ്ങൾ, അസ്ഥി, പുനർനിർമ്മാണം എന്നിവയില്‍ വലിയ തയ്യാറെടുപ്പ് നടത്തിയ ശേഷമാണ് സയാമീസ് സഹോദരങ്ങളെ ശസ്ത്രക്ക്രിയയ്ക്ക് വിധേയമാക്കിയത്.