അറിയാത്ത സ്ഥലത്തേക്കാണ് യാത്ര ചെയ്യുന്നതെങ്കിൽ കൃത്യമായ വഴി കണ്ടുപിടിക്കാൻ ഇന്ന് ഗൂഗിൾ മാപ്പിനെയാണ് പലരും ആശ്രയിക്കാറ്. പലപ്പോഴും ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്തവർക്ക് കൃത്യ സ്ഥലത്ത് എത്താൻ കഴിയാതെ എട്ടിന്റെ പണി കിട്ടിയിട്ടുമുണ്ട്. വാഹനമോടിക്കുമ്പോൾ കയ്യിലോ അല്ലെങ്കിൽ മൊബൈൽ സ്റ്റാൻഡിലോ മൊബൈലിൽ മാപ് ഓൺ ആക്കി വച്ചുകൊണ്ടായിരിക്കും യാത്ര. ഈ രീതിയിലുള്ള മൊബൈൽ ഫോൺ ഉപയോഗം സാധാരണ കുറ്റമായി കണക്കാക്കാറുമില്ല.
എന്നാലിപ്പോൾ വാഹനമോടിക്കുന്ന സമയത്ത് ഏതെങ്കിലും സ്ഥലത്തിന്റെ ലൊക്കേഷനോ വിലാസമോ കണ്ടെത്താൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഗതാഗത ലംഘനമായി കണക്കാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് റോയൽ ഒമാൻ പൊലീസ്. ഒമാനിലെ ഒരു പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ആർ.ഒ.പി വക്താവ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണും ജി.പി.എസ് ആപ്ലിക്കേഷനും മാപ്പുകളും ഉപയോഗിക്കാനുള്ള ഏതൊരു ശ്രമവും ഗതാഗത നിയമലംഘനത്തിന്റെ പരിധിയിൽ വരും. വാഹനമോടിക്കുമ്പോൾ ഒരു തരത്തിലും ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് തിരിയരുത് എന്നതാണ് പൊതുവായ ഉപദേശമെന്നും ആർ.ഒ.പി ഉദ്യോഗസ്ഥൻ പറഞ്ഞു. മാത്രമല്ല, വാഹനത്തിൽ ഘടിപ്പിച്ച ഹോൾഡറിൽ വെച്ചുള്ള മൊബൈൽ ഉപയോഗവും നിയമ ലംഘനമാണെന്ന് ആർ. ഒ. പി ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം ജി.പി.എസ് നാവിഗേഷൻ ഉപയോഗിക്കേണ്ട ആവശ്യകതയുണ്ടെങ്കിൽ യാത്ര ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇത് സെറ്റ് ചെയ്തുവെക്കണമെന്നാണ് റോഡ് സുരക്ഷമേഖലയിലുള്ള വിദഗ്ധർ പറയുന്നത്. ടെക്സ്റ്റ് സന്ദേശം അയക്കുക, ഓൺലൈൻ ബ്രൗസിങ്, വിഡിയോ കാണുക, കോളുകൾക്ക് മറുപടി നൽകുക, ഫോട്ടോകളും വിഡിയോകളും എടുക്കുക തുടങ്ങിയ കാര്യങ്ങൾ ഒഴിവാക്കുന്നതാണ് സുരക്ഷിതമായ ഡ്രൈവിങ്ങിന് അത്യാവശ്യമെന്നും വിദഗ്ധർ അറിയിച്ചു.
ഒമാനിലെ ട്രാഫിക് നിയമ പ്രകാരം വാഹനമോടിക്കുന്ന സമയത്തുള്ള മൊബൈൽ ഫോൺ ഉപയോഗവും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെയോ ഉപയോഗവും 15 റിയാൽ പിഴയും രണ്ട് ബ്ലാക്ക് പോയന്റും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള സ്മാർട്ട് റഡാറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗത്തിലുണ്ടെന്ന് റോയൽ ഒമാൻ പൊലീസ് അടുത്തിടെ അറിയിച്ചിരുന്നു. ഈ റഡാറുകൾക്ക് മൊബൈൽ ഫോണുകളുടെ ഉപയോഗം, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, റോഡ് സിഗ്നലിന് മുമ്പായി ലെയ്ൻ മാറൽ എന്നിവ കണ്ടെത്താനാകും.