ഒരു കാലത്ത് നാടും വീടും വിട്ട് ഗൾഫിലേക്ക് ചേക്കേറുന്ന പ്രവാസികൾക്ക് നാടുമായുള്ള ഏക ബന്ധം ഫോൺവിളികൾ മാത്രമാണ്. ഇത്തരത്തിൽ ഫോൺ വിളികളിലൂടെ നാടുമായി കോർത്തിണക്കിയിരുന്ന കാർഡ് ബൂത്തുകൾ ഓർമയാകുന്നു. ഒമാന്റെ തെരുവോരങ്ങളിലും സൂഖുകളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലുമെല്ലാം സ്ഥാപിച്ചിരുന്ന ഇത്തരം ബൂത്തുകളായിരുന്നു പ്രവാസികൾ നാട്ടിലേക്ക് വിളിക്കാൻ ഉപയോഗിച്ചിരുന്നത്.
നാണയത്തുട്ടുകൾ നിക്ഷേപിച്ചു വിളിച്ചിരുന്ന കോയിൻ ബൂത്തുകളായിരുന്നു ആദ്യം ഉണ്ടായിരുന്നത്. പിന്നീട് ഫോൺ കാർഡ് വന്നതോടെ ചിപ്പ് കാർഡ് ബൂത്തുകൾ സജീവമായി തുടങ്ങി. കാർഡ് ഇട്ടു നാട്ടിലെ നമ്പർ ഡയൽ ചെയ്താൽ നാട്ടിലെ പ്രിയപ്പെട്ടവരുമായി വേണ്ടുവോളം സംസാരിക്കാം. സംസാരത്തിന്റെ ദൈർഘ്യമനുസരിച്ചു കാർഡിലെ കാശ് തീരുമെന്ന് മാത്രം. മൊബൈലിന്റെ വരവിന് മുമ്പ് പ്രവാസികളുടെ ഏക ആശ്രയമായിരുന്നു ഇതുപോലുള്ള ബൂത്തുകൾ. ഒഴിവു ദിവസങ്ങളിൽ ഓരോ പ്രവാസിയും ബൂത്തിനു മുമ്പിൽ ഊഴം കാത്തു നിൽക്കാറുണ്ടായിരുന്നു.
നീണ്ട വരിയിൽ നിറയെ ആളുകൾ ഉണ്ടാവും. ഫോൺ ഇല്ലാത്ത വീട് ആണെങ്കിൽ അടുത്ത വീടുകളിൽ നേരത്തേ വിളിച്ചു പറയണം. അങ്ങനെ പറഞ്ഞതിന് ശേഷം വീണ്ടും ക്യൂവിന്റെ പുറകിൽ പോയി ഊഴത്തിനായി കാത്തു നിൽക്കണം. ഇന്ത്യക്കാരനും പാകിസ്താനിയും ബംഗ്ലാദേശിയും അടക്കം എല്ലാ രാജ്യക്കാരും ഈ വരിയിൽ ഉണ്ടാവും. പരിഭവവും പ്രയാസവും സങ്കടവും സന്തോഷവും പങ്കിട്ടുകൊണ്ട് അടുത്ത ആഴ്ചയുടെ വിളിവരും വരെ നാട്ടിലുള്ളവരും ദിവസങ്ങളുടെ മെല്ലെപ്പോക്ക് എണ്ണി സമാധാനത്തോടെ സ്വന്തം മുറിയിലേക്ക് പ്രവാസിയും മടങ്ങും. ഇന്നും പഴയ പ്രവാസികൾ കാൾ ബൂത്ത് കാണുമ്പോൾ ഓർമകളിൽ ഒരുനിമിഷം നിന്നുപോവാറുണ്ട്. സീബ് സൂഖിലെ അവസാന കാർഡ് ബൂത്തും ടെലികോം കമ്പനി എടുത്തു മാറ്റിയതോടെ ഒരു കാലത്ത് ഒമാനിലെ പ്രവാസികളുടെ സന്തോഷങ്ങളും സങ്കടങ്ങളും കേട്ട ഒരു കാലത്തിന്റെ ഓർമകൾ കൂടിയാണ് ഇല്ലാതാവുന്നത്.