ഒമാനിലെ നഗരങ്ങളുടെ ഭംഗി ഇനി 360 ഡിഗ്രിയിൽ ആസ്വദിക്കാം. രാജ്യത്തെ റോഡുകൾ വെർച്വൽ വ്യൂ ഫീച്ചറിലൂടെ കവർ ചെയ്യുന്നതിനുള്ള പദ്ധതി ഗൂഗിൾ ഉടൻ നടപ്പിലാക്കും. ഗതാഗത-ആശയ വിനിമയ-വിവര സാങ്കേതിക മന്ത്രാലയം നാഷണൽ സർവേ അതോറിറ്റിയുടെയും പ്രതിരോധ മന്ത്രാലയവുമായി സഹകരിച്ചാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ 2025വരെ നീണ്ടുനിൽക്കും. സുൽത്താനേറ്റിലെ പ്രധാന തെരുവുകളുടെയും നഗരങ്ങളുടെയും പനോരമിക് ചിത്രങ്ങളായിരിക്കും പുതിയ സംവിധാനം ഉപയോഗിച്ച് എടുക്കുക.
ഇതിലൂടെ ഉപയോക്താക്കൾക്ക് ഈ തെരുവുകളുടെയും പ്രദേശങ്ങളുടെയും 360 ഡിഗ്രിയിലുള്ള ചിത്രങ്ങൾ അനുഭവിച്ചറിയാൻ സാധിക്കും. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ പ്രധാന നഗരങ്ങളായ മസ്കറ്റ്, സുഹാർ, സലാല എന്നിവയും രണ്ടാം ഘട്ടത്തിൽ മറ്റു സ്ഥലങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തും. യാത്രകളും സന്ദർശനങ്ങളും മറ്റും ആസൂത്രണം ചെയ്യുന്നവർക്ക് ഈ സംവിധാനം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്.
മാത്രമല്ല, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പഠനത്തിനും വിവര ശേഖരണത്തിനുമായി സ്ഥലം സന്ദർശിക്കാതെ തന്നെ വെർച്വൽ ടൂറിലൂടെ കാര്യങ്ങൾ മനസ്സിലാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും. പനോരമ, 360 ഡിഗ്രി ചിത്രങ്ങളുടെ സഹായത്തോടെ പ്രദേശങ്ങളെ വീക്ഷിക്കാൻ കഴിയുമെന്നതാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ മാപുകൾ സാധാരണ നൽകുന്ന മുകളിൽ നിന്നുള്ള കാഴ്ചയിൽ നിന്ന് ഏറെ വ്യത്യസ്തമായി കൂടുതൽ കൃത്യവും വ്യക്തവുമായ കാഴ്ച ലഭിക്കാനും വേണ്ടിയാണ് ഗൂഗിൾ സ്ട്രീറ്റ് വ്യൂ സംവിധാനം അവതരിപ്പിച്ചത്.